രാഹുല്‍ ഗാന്ധി അയോധ്യയില്‍; രാമനെ കാണാതെ മടങ്ങി
പര്യടനത്തിന്റെ ഭാഗമായി അയോധ്യയിലെത്തിയ രാഹുല്‍ ഗാന്ധി പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചു.
ഉത്തര്‍പ്രദേശ് പര്യടനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ രാഹുല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം ഇതാദ്യമായാണ് നെഹ്‌റു കുടുംബത്തിലെ ഒരംഗം അയോധ്യയിലെത്തിയത്. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്ത് നിര്‍മിച്ച രാമക്ഷേത്രം സന്ദര്‍ശിക്കാതെയാണ് രാഹുല്‍ മടങ്ങിയത്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെത്തിയ രാഹുല്‍ ഗാന്ധി 20 മിനിട്ട് നേരമാണ് ഹനുമാന്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചത്. ക്ഷേത്രത്തിലെ പ്രാര്‍ത്ഥനക്ക് ശേഷം രാഹുല്‍ മഹന്ത് ഗ്യാന്‍ ദാസിനെ കണ്ടു..
എന്നാല്‍ ഒരു കിലോമീറ്റര്‍ അകലെ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം രാഹുല്‍ സന്ദര്‍ശിച്ചില്ല.. 1992ലെ ബാബരി മസ്ജിദ് തകര്‍ക്കലിന് ശേഷം ഇതാദ്യമായാണ് ഒരു നെഹ്രു കുടുംബാംഗം അയോധ്യ സന്ദര്‍ശിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് രാജീവ് ഗാന്ധി ഇവിടെ സന്ദര്‍ശിക്കാനുദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അയോധ്യയില്‍ നിന്നും ഫൈസാബാദിലെത്തിയ രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ പങ്കെടുത്തു. റാലിക്കിടെ രോഗിയുമായെത്തിയ ആംബുലന്‍സ് തടസ്സപ്പെട്ടത് അനിശ്ചിതത്വമുണ്ടാക്കി. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ട് യാത്രാക്കുരുക്ക് ഒഴിവാക്കുകയായിരുന്നു.
അംബേദ്ക്കര്‍ നഗറിലെ ശരീഫ് ദര്‍ഗയും രാഹുല്‍ ഇന്ന് സന്ദര്‍ശിക്കും. സംസ്ഥാനത്തെ 39 ജില്ലകളിലും രാഹുല്‍ മഹായാത്ര നടത്തുന്നുണ്ട്. എന്നാല്‍ ഈദിനോടനുബന്ധിച്ച് ഈ മാസം 12,13 തിയ്യതികളില്‍ രാഹുല്‍ ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തില്ല.