അയാള്‍ ഞാനറിയാതെ ഫോണില്‍ എന്റെ ചലനങ്ങള്‍ പകര്‍ത്തുകയായിരുന്നു, ഒല കാബ് ഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഒരു പെണ്‍കുട്ടിയുടെ പോസ്റ്റ്

Update: 2018-05-09 06:23 GMT
Editor : admin

ഡല്‍ഹിയില്‍ നിന്നും ചാണക്യപുരയിലേക്കുള്ള യാത്രക്കിടയില്‍ സ്വകാര്യ ടാക്സി സര്‍വീസായ ഒലയുടെ ഡൈവറില്‍ നിന്നുമാണ് പ്രിയങ്കക്ക് മോശം അനുഭവമുണ്ടായത്.

ആരും ഒന്നും ഒരു പെണ്ണിനും തണലേകുന്നില്ല.. അവളെ കാമത്തോടെ സ്പര്‍ശിക്കാനല്ലാതെ സ്നേഹത്തോടെ ചേര്‍ത്തു പിടിക്കാനായി ഇരുട്ടില്‍ ഒരു കൈകളും അവളെ തേടിവരികയുമില്ല...അത് വീടായാലും പൊതു സ്ഥലമായാലും, കാറായാലും വിമാനമായാലും, രാത്രിയാണെങ്കിലും നട്ടുച്ചയാണെങ്കിലും സഹോദരനാണെങ്കിലും കാമുകനാണെങ്കിലും സുരക്ഷിതത്വത്തിന്റെ ഒരു കൊച്ചു തണല്‍ പോലും അവള്‍ക്ക് കിട്ടില്ല. ശരീരത്തിന് ചുറ്റും നിറയെ കണ്ണുകളുമായി വേണം ഓരോ പെണ്ണും പുറത്തിറങ്ങാനെന്ന് ഒരോ ദിവസങ്ങളും നമുക്ക് കാണിച്ചു തരുന്നു. ചിലര്‍ അതിനോട് പ്രതികരിക്കുന്നു, മറ്റ് ചിലരാകട്ടെ മിണ്ടാതിരുന്നു വീണ്ടും വീണ്ടും പീഡനങ്ങളെ ഏറ്റുവാങ്ങുന്നു. ഡല്‍ഹി സ്വദേശിനിയായ പ്രിയങ്ക ഗുസൈനും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായില്ല. പകരം അവള്‍ പ്രതികരിച്ചു, സംഭവത്തെ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നു.

Advertising
Advertising

ഡല്‍ഹിയില്‍ നിന്നും ചാണക്യപുരയിലേക്കുള്ള യാത്രക്കിടയില്‍ സ്വകാര്യ ടാക്സി സര്‍വീസായ ഒലയുടെ ഡൈവറില്‍ നിന്നുമാണ് പ്രിയങ്കക്ക് മോശം അനുഭവമുണ്ടായത്. താനറിയാതെ ഫോണില്‍ തന്റെ ചലനങ്ങള്‍ പകര്‍ത്തിയ ഡ്രൈവറെ അവള്‍ കയ്യോടെ പൊലീസില്‍ ഏല്‍പിച്ചു. ഒപ്പം തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു മുന്നറിയിപ്പ് എന്ന രീതിയില്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. പ്രിയങ്കയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പ്രിയങ്ക പറയുന്നതിങ്ങനെ.

ഒല കാബിനെക്കുറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു മുന്നറിയിപ്പ് എന്ന ആമുഖത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. സമയം രാത്രി 12.43, ഒല കാബില്‍ ചാണക്യപുരയിലേക്ക് പോവുകയായിരുന്നു ഞാന്‍. ഡ്രൈവറുടെ പേര് അഭിലാഷ് സിംഗ്, CRN No. 299860428.

യാത്രക്കിടയില്‍ ഇമെയിലുകളും ചില പ്രധാനപ്പെട്ട ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിന്റെയും തിരക്കിലായിരുന്നു ഞാന്‍. അതിനിടയിലും ഡ്രൈവറുടെ പെരുമാറ്റരീതി എന്നില്‍ സംശയമുണര്‍ത്തിയിരുന്നു. റിയര്‍ വ്യൂ മിററിലൂടെ എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ഞാനയാളെയും. എന്തിനെയും നേരിടാന്‍ സജ്ജയായിരിക്കണമെന്ന് എന്തുകൊണ്ടോ എന്റെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഒരു പ്രത്യേക രീതിയില്‍ പിടിച്ചിരിക്കുന്ന അയാളുടെ ഫോണ്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. ഞാനറിയാതെ എന്റെ ചലനങ്ങളും സംഭാഷണങ്ങളും അയാള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നുവെന്ന് ഞെട്ടലോടെ ഞാന്‍ മനസിലാക്കി. തീര്‍ത്തും അപരിചിതനായ ഒരാള്‍ ചലനങ്ങള്‍ പകര്‍ത്തുക, അത് പോക്കറ്റിലാക്കുക, മറ്റുള്ളവര്‍ക്ക് ആ വീഡിയോ ഷെയര്‍ ചെയ്യുക. എന്റെ സ്വകാര്യത മുറിപ്പെട്ടതു പോലെയാണ് എനിക്ക് തോന്നിയത്. ഫോണ്‍ താഴെ വയ്ക്കാനും തിരിച്ചു തരാനും ഞാന്‍ അയാളോട് ആവശ്യപ്പെട്ടു. പിന്നീട് അയാളെ പൊലീസിന് കൈമാറിയപ്പോള്‍ ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നായിരുന്നു മറുപടി. ഈ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഒല അധികൃതരോട് ഞാന്‍ ആവശ്യപ്പെടുന്നത്.

സംഭവത്തില്‍ ഒല അധികൃതര്‍ മാപ്പ് പറയുകയും ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. പ്രിയങ്കയുടെ പോസ്റ്റിനെ തുടര്‍ന്ന് നിരവധി പേര്‍ ഒല കാബില്‍ നേരിടേണ്ടി വന്നിടുള്ള മോശം അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

 
Tags:    

Writer - admin

contributor

Editor - admin

contributor

Similar News