ആര് മുഖ്യമന്ത്രിയാവും? എഐഎഡിഎംകെ ലയനത്തില്‍ തീരുമാനമായില്ല

Update: 2018-05-25 17:04 GMT
ആര് മുഖ്യമന്ത്രിയാവും? എഐഎഡിഎംകെ ലയനത്തില്‍ തീരുമാനമായില്ല

പളനിസ്വാമി വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും ഇന്നലെ യോഗം ചേര്‍ന്നെങ്കിലും തീരുമാനം പ്രഖ്യാപിച്ചില്ല

തമിഴ്നാട്ടില്‍ എഐഎഡിഎംകെ ലയനത്തില്‍ തീരുമാനമായില്ല. ലയനശേഷം ആര് മുഖ്യമന്ത്രിയാകും എന്നതിലാണ് പ്രധാന ചര്‍ച്ചകള്‍. ഇടപ്പാടി കെ പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും മുഖ്യമന്ത്രി സ്ഥാനമെന്ന മോഹവുമായി അണിയറയില്‍ സജീവമാണ്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ പളനിസ്വാമിക്കായതിനാല്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത.

ചൊവ്വാഴ്ച രാത്രി അണ്ണാഡിഎംകെയില്‍ നിന്ന് ശശികല കുടുംബത്തെ പുറത്താക്കിയതോടെയാണ് പളനിസ്വാമി - പന്നീര്‍ശെല്‍വം വിഭാഗങ്ങളുടെ ലയന ചര്‍ച്ചകള്‍ അണിയറയില്‍ ബലപ്പെട്ടത്. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ കൂടി പുറത്തുപോയതോടെ ലയനം എളുപ്പമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനം കീറാമുട്ടിയാവുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാതെയുള്ള ഏത് ഒത്തുതീര്‍പ്പിനും തയ്യാറാണെന്നാണ് പളനിസ്വാമി വിഭാഗത്തിന്‍റെ നിലപാട്. വിശ്വാസവോട്ടെടുപ്പില്‍ കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണച്ചത് പളനിസ്വാമിയെ ആയതിനാല്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടരണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.

Advertising
Advertising

പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയായി പനീര്‍ശെല്‍വമെത്താനാണ് സാധ്യത. പാര്‍ട്ടിലേയ്ക്ക് തിരികെ എത്തുന്ന പനീര്‍ശെല്‍വം വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട മറ്റ് സ്ഥാനങ്ങള്‍ സംബന്ധിച്ചും കാര്യമായ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇരുവിഭാഗവും ലയിച്ചാല്‍ നടക്കാനിരിക്കുന്ന ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ലഭിക്കുമെന്നതും ലയനചര്‍ച്ചകള്‍ വേഗത്തിലാക്കും. ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് ടിടിവി ദിനകരന് വീട്ടിലെത്തി സമന്‍സ് നല്‍കി.

Tags:    

Similar News