യുപിയില്‍ ആറാം ഘട്ടവും മണിപ്പൂരിലെ ഒന്നാം ഘട്ടവും നാളെ

Update: 2018-05-27 23:06 GMT
Editor : Sithara
യുപിയില്‍ ആറാം ഘട്ടവും മണിപ്പൂരിലെ ഒന്നാം ഘട്ടവും നാളെ

ആറ് ജില്ലകളിലായി 49 മണ്ഡലങ്ങളിലാണ് യുപിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മണിപ്പൂരില്‍ ആകെയുള്ള 60 മണ്ഡലങ്ങളില്‍ 38 എണ്ണത്തിലാണ് നാളെ വോട്ടെടുപ്പ്

ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പും മണിപ്പൂരിലെ ഒന്നാം ഘട്ട വോട്ടെടുപ്പും നാളെ. ആറ് ജില്ലകളിലായി 49 മണ്ഡലങ്ങളിലാണ് യുപിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മണിപ്പൂരില്‍ ആകെയുള്ള 60 മണ്ഡലങ്ങളില്‍ 38 എണ്ണത്തിലാണ് നാളെ വോട്ടെടുപ്പ്. ഉത്തര്‍പ്രദേശില്‍ ഇതുവരെ നടന്ന വോട്ടെടുപ്പുകളില്‍ എസ്പിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ആറാം ഘട്ട തെരഞ്ഞെടുപ്പ്.

കഴിഞ്ഞ അഞ്ച് ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭരണകക്ഷിയായ എസ്പിക്ക് കടമ്പകള്‍ ഏറെയുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കാന്‍ പോകുന്നത്. അസംഗഢില്‍ പിതാവ് മുലായം സിംഗ് യാദവിന്‍റെ അസാന്നിധ്യം ഉണ്ടാക്കുന്ന തലവേദനക്കൊപ്പം അഖിലേഷിനെ അലട്ടുന്നത് മേഖലയിലെ ബിഎസ്പിയുടെ മുന്നേറ്റമാണ്. മഊവില്‍ മുഖ്താര്‍ അന്‍സാരിയുടെ സാന്നിധ്യവും ബിഎസ്പിക്ക് ശക്തി പകരുന്നുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ 2012ല്‍ നേടിയ 26 സീറ്റെന്ന നേട്ടം ആവര്‍ത്തിക്കാന്‍ എസ്പിക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍.

Advertising
Advertising

ഗൊരഖ്പൂരില്‍ ബിജെപിക്കും വെല്ലുവിളികളുണ്ട്. യോഗി ആതിഥ്യനാഥ് തുടക്കത്തിലെ പ്രശ്നങ്ങള്‍ മറികടന്ന് പ്രചാരണത്തില്‍ സജീവമായെങ്കിലും ആര്‍എസ്എസ് ചില സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വെച്ചുപുലര്‍ത്തുന്ന വിയോജിപ്പാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. പഡ്രോണയില്‍ ബിഎസ്പിയില്‍ നിന്ന് രാജിവെച്ചെത്തിയ സ്വാമി പ്രസാദ് മൌര്യ ബിജെപിക്കായി മത്സരിക്കുന്നു. മഊവില്‍ മുക്താര്‍ അന്‍സാരിയും ഘോസിയില്‍ മകന്‍ അബ്ബാസ് അന്‍സാരിയും ബിഎസ്പിക്കായി രംഗത്തുണ്ട്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സൂര്യപ്രതാപ് ഷാഹി, എസ്പി നേതാവ് ശ്യാം ബഹാദൂര്‍ യാദവ് തുങ്ങിയവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികളും.

മലയോര മേഖലയിലെ 20 സീറ്റുകളിലും തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടുന്ന താഴ്വരയിലെ 18 സീറ്റുകളിലുമാണ് മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ്. യുണൈറ്റഡ് നാഗാ കൌണ്‍സിലിന്‍റെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ മൂന്ന് മണി വരെ മാത്രമാണ് പോളിംഗ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News