ഗഡ്കരിക്കും സിബലിനും കെജ്രിവാളിന്റെ മാപ്പപേക്ഷ; കേസുകള്‍ പിന്‍വലിച്ചു

Update: 2018-05-31 10:58 GMT
Editor : Muhsina
ഗഡ്കരിക്കും സിബലിനും കെജ്രിവാളിന്റെ മാപ്പപേക്ഷ; കേസുകള്‍ പിന്‍വലിച്ചു

ആരോപണങ്ങള്‍ ഉന്നയിച്ചത് സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് കാണിച്ചാണ് മാപ്പപേക്ഷ. മാപ്പപേക്ഷ സ്വീകരിച്ച നിതിന്‍ ഗഡ്കരിയും കപില്‍സിബലും

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പപേക്ഷ അയച്ചു. ആരോപണങ്ങള്‍ ഉന്നയിച്ചത് സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് കാണിച്ചാണ് മാപ്പപേക്ഷ. മാപ്പപേക്ഷ സ്വീകരിച്ച നിതിന്‍ ഗഡ്കരിയും കപില്‍സിബലും കേസുകള്‍ പിന്‍വലിച്ചു. വിവിധ ആരോപണങ്ങളിലായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ 33 മാനനഷ്ട കേസുകളാണുള്ളത്. ഇവ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് കെജ്രിവാള്‍ ഒരോരുത്തരോടായി മാപ്പപേക്ഷിക്കുന്നത്.

Advertising
Advertising

വ്യക്തിപരമായി വിദ്വേഷമില്ലെന്നും ആരോപണത്തില്‍ ഖേദിക്കുന്നതായും കാണിച്ചാണ് നിതിന്‍ ഗഡ്കരിക്കും കപില്‍ സിബലിനും കത്തയച്ചത്. മാപ്പപേക്ഷ അംഗീകരിച്ച ഇരുവരും കേസ് പിന്‍വലിച്ചു. രാജ്യത്തെ അഴിമതിക്കാരുടെ പേരുകളില്‍ നിതിന്‍ ഗഡ്കരിയെയും കെജ്രിവാള്‍ പരാമര്‍ശിച്ചതാണ് കേസിനാസ്പദമായത്. വോഡാ ഫോണ്‍ - ഹച്ച് നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയതില്‍ കപില്‍ സിബലിന് പങ്കുണ്ടെന്ന പരാമര്‍ശത്തിലായിരുന്നു സിബല്‍ മാനനഷ്ടകേസ് നല്‍കിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് മന്ത്രി ബിക്രം സിങ് മജീദിയക്കെതിരായി നടത്തിയ മയക്കുമരുന്ന് ആരോപണത്തിലും കെജ്രിവാള്‍ മാപ്പ് പറഞ്ഞിരുന്നു. ഡിഡിസിഎ അഴിമതി കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ 10 കോടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടുള്ള കേസാണ് ശേഷിക്കുന്നവയില്‍ പ്രധാനപ്പെട്ടത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News