ഹാദിയ കേസ്; കോടതിയില്‍ ഇന്ന് നടന്നത്

Update: 2018-06-01 11:54 GMT
Editor : admin
ഹാദിയ കേസ്; കോടതിയില്‍ ഇന്ന് നടന്നത്

ഇത് ഒരു ഒറ്റപ്പെട്ട കേസാണോ അതോ ഇത്തരമൊരു രീതി വളര്‍ന്നു വരുന്നുണ്ടോ എന്ന് മനസിലാകാന്‍ എന്‍ഐഎ അന്വേഷണം ആവശ്യമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത ചൂണ്ടിക്കാട്ടി.

ഹാദിയ കേസില്‍ നിര്‍ണായകമായ നിരീക്ഷണങ്ങളാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഇന്ന് ഉണ്ടായത്. 24 വയസ് പ്രായമുള്ള ഒരു വനിതയെ അവരുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി അടച്ചിടാന്‍ അച്ഛന് അവകാശമില്ലെന്ന് വ്യക്തമാക്കിയ കോടതി ആര്‍ട്ടിക്കള്‍ 226 പ്രകാരം വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അവകാശമുണ്ടോയെന്ന് പരിശോധിക്കുമെന്നും അറിയിച്ചു.

കോടതിയില്‍ ഇന്ന് നടന്നത്

Advertising
Advertising

ഹാദിയ വിഷയത്തില്‍ എന്‍‌ഐഎ അന്വേഷണത്തിന് ഉത്തരവിട്ട കോടതി അതിന്‍റെ പരിധി കടന്ന് പ്രവര്‍ത്തിച്ചിരിക്കുകയാണെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കോടതിയെ ബോധിപ്പിച്ചു. സംസ്ഥാനമോ ഹാദിയയുടെ പിതാവോ അപ്പീലുമായി എത്തിയിട്ടില്ലെന്നും താനാണ് അപ്പീലുമായി കോടതിയിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മതക്കാര്‍ ഒത്തൊരുമിച്ച് വസിക്കുന്ന സമൂഹത്തിന്‍റെ അടിസ്ഥാന ശില തന്നെ തകര്‍ക്കുന്ന ഉത്തരവാണിതെന്നും അത് ലോകത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പറഞ്ഞ ദുഷ്യന്ത് ദാവെ ബിജെപിയുടെ രണ്ട് മുതിര്‍ന്ന മുസ്‍ലിം ഭാരവാഹികള്‍ ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്നും ഇതിനെ ലവ് ജിഹ്വാദ് എന്ന് വിശേഷിപ്പിച്ച് ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുമോയെന്നും ചോദിച്ചു.

ഈ സമയം ഇടപെട്ട കോടതി അദ്ദേഹത്തോട് നിയമത്തില്‍ ഊന്നി യുക്തിസഹവും നിയമപരവുമായ വാദങ്ങള്‍ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇത് ഒരു ഒറ്റപ്പെട്ട കേസാണോ അതോ ഇത്തരമൊരു രീതി വളര്‍ന്നു വരുന്നുണ്ടോ എന്ന് മനസിലാകാന്‍ എന്‍ഐഎ അന്വേഷണം ആവശ്യമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത ചൂണ്ടിക്കാട്ടി. ജഹാന്‍റെ മുന്‍ അഭിഭാഷകനായ കപില്‍ സിബാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിരുന്നില്ലെന്നും ഏവരുടെയും സമ്മതത്തോടെയാണ് അത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയതെന്നും മേഹ്ത വാദിച്ചു.

ഹാദിയയെ നേരില്‍ കണ്ട് സംസാരിച്ച ശേഷം ഒരു റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാമെന്നും കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മീഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

അവള്‍ 24 വയസുള്ള പെണ്‍കുട്ടിയാണ്. അച്ഛന്‍റെ കസ്റ്റഡിയില്‍ നിര്‍ബന്ധപൂര്‍വ്വം അവളെ വിടാന്‍ കഴിയില്ലെന്ന് വ്യക്തവുമാണ്. ആവശ്യമെങ്കില്‍ ഒരു കസ്റ്റോഡിയന് നിയമിക്കുന്നതാണ് - ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News