ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് : വിചാരണയ്ക്ക് തയ്യാറെന്ന് രാഹുല്‍

Update: 2018-06-05 11:27 GMT
Editor : Subin
ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് : വിചാരണയ്ക്ക് തയ്യാറെന്ന് രാഹുല്‍

ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി രാഹുല്‍ പിന്‍വലിച്ചു

ആര്‍എസ്എസ്സുകാര്‍ ഗാന്ധിയെ വധിച്ചുവെന്ന പരാമര്‍ശത്തില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മാപ്പു പറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി രാഹുല്‍ പിന്‍വലിച്ചു. രാഹുല്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ആര്‍എസ്എസുമായി ബന്ധമുള്ളവരാണ് ഗാന്ധിയെ കൊന്നത് എന്നും സംഘടനാപരമായി ആര്‍എസ്എസിനെ പരാമര്‍ശിച്ചിട്ടില്ലെന്നും വ്യക്തമാക്കി ഈ കേസില്‍‌ രാഹുല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍‌പ്പിച്ചിരുന്നു. ഇതോടെ ആര്‍എസ്എസിനെതിരായ പരാര്‍ശത്തില്‍ നിന്ന് രാഹുല്‍ പിറകോട്ട് പോയെന്ന് പൊതുവില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീം കോടതിയില്‍ നിലപാടില്‍ വ്യക്തത വരുത്തിയത്. ഗോഡ്സേയുടെ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. മാപ്പുപറയാനില്ല. കീഴ് കോടതിയില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍‌ഗ്രസ് നേതാവുമായ കബില്‍ സിബല്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. പിന്നാലെ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി നിരസിച്ചു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍‌ശം. ആര്‍‌എസ്എസുമായി ബന്ധമുള്ളവരാണ് ഗന്ധിജിയെ വധിച്ചത് എന്നായിരുന്നു വാക്കുകള്‍. ഇതിനെതിരെ മഹാരാഷ്ട്രയിലെ കീഴ് കോടതിയില്‍ ആര്‍‌എസ്എസ് നല്‍കിയ അപകീര്‍ത്തി കേസ് തള്ളണമെന്നാവശ്യപ്പെട്ട് രാഹുല്‍ തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ആ ഹരജി രാഹുല്‍ തന്നെ പിന്‍വലിച്ചതോടെ ഈ വിവാദത്തില്‍ സുപ്രീംകോടതിയിലെ നടപടികള്‍ക്ക് താല്‍ക്കാലിക വിരാമമാവുകയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News