ബിജെപി നേതാവിനെ നടുറോഡില്‍ വിറപ്പിച്ച വനിതാ പൊലീസ് ഓഫീസറെ സ്ഥലംമാറ്റി 'പ്രതികാരം'

Update: 2018-06-05 19:09 GMT
Editor : Alwyn K Jose
ബിജെപി നേതാവിനെ നടുറോഡില്‍ വിറപ്പിച്ച വനിതാ പൊലീസ് ഓഫീസറെ സ്ഥലംമാറ്റി 'പ്രതികാരം'

ഉത്തര്‍പ്രദേശ് പൊലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടറായ ശ്രേഷ്ഠാ താക്കൂര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു.

ഉത്തര്‍പ്രദേശ് പൊലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടറായ ശ്രേഷ്ഠാ താക്കൂര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. മതിയായ രേഖകളില്ലാതെ, ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിച്ചതിന് ബിജെപി നേതാവിന് പിഴ ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് ശ്രേഷ്ഠ, ജനങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും പ്രിയങ്കരിയായത്.

ശ്രേഷ്ഠയെ ധീരവനിതയെന്ന് നവമാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഭരണകക്ഷിയുടെ ഒരു നേതാവിനെ പാഠം പഠിപ്പിച്ചതിന് ശ്രേഷ്ഠയെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റിയാണ് ബിജെപി സര്‍ക്കാര്‍ 'പ്രതികാരം' വീട്ടിയത്. ബുലാന്ദ്ശഹറില്‍ നിന്നു ബഹ്റാക്കിലേക്കാണ് ശ്രേഷ്ഠയെ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം ശ്രേഷ്ഠയുടെ മുന്നില്‍ പതറിപ്പോയ ബിജെപി നേതാവും അദ്ദേഹത്തിനൊപ്പമുള്ള 11 എംഎല്‍എമാരും ഒരു എംപിയും കൂടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ശ്രേഷ്ഠക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ കൂടിക്കാഴ്ചക്ക് ദിവസങ്ങള്‍ക്കുള്ളിലാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Advertising
Advertising

Full View

കഴിഞ്ഞയാഴ്ചയായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയപ്പോള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു ബിജെപി നേതാവും സംഘവും റോഡില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ഇതോടെ 'നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. അര്‍ധരാത്രിയില്‍ പോലും കുടുംബം വിട്ട് ഞങ്ങള്‍ വരുന്നത് തമാശയ്ക്കല്ല. ജോലി ചെയ്യാനാണ്. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നത്. അധികം വൈകാതെ തന്നെ നിങ്ങളെ ബി.ജെ.പിയുടെ ഗുണ്ടകള്‍ എന്ന് ആളുകള്‍ വിളിച്ചോളും. നടുറോഡില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ കൂടുതല്‍ വകുപ്പ് ചേര്‍ത്ത് അകത്തിടും...' ഒട്ടും കൂസാതെ ശ്രേഷ്ഠ പറഞ്ഞു. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കാര്യകാരണമുള്ള മറുപടി കേട്ട് അന്തം വിട്ടു നില്‍ക്കാനേ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുള്ളൂ. ബിജെപിയുടെ ജില്ലാ തല നേതാവായ പ്രമോദ് ലോധിയെയാണ് വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ഇതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴും വലിയപ്രതിഷേധമായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News