ഡിജിറ്റല്‍ ഇടപാട് പ്രഖ്യാപനം മാത്രം; ജനത്തിന് ആശ്രയം കറന്‍സി തന്നെ

Update: 2018-06-05 04:28 GMT
Editor : Sithara
ഡിജിറ്റല്‍ ഇടപാട് പ്രഖ്യാപനം മാത്രം; ജനത്തിന് ആശ്രയം കറന്‍സി തന്നെ

പണമിടപാടുകളില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എത്തിക്കുകയെന്നതാണ് നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്

പണമിടപാടുകളില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എത്തിക്കുകയെന്നതാണ് നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നോട്ട് അസാധുവാക്കല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കിയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കള്ളപ്പണത്തിന്റെ വേരറുക്കലും കള്ളനോട്ട് ശൃംഖലകളെ തകര്‍ക്കലുമായിരുന്നു നോട്ട് അസാധുവാക്കലിന്റെ ആദ്യ ലക്ഷ്യമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ ഇന്ത്യയെ ഡിജിറ്റല്‍ എക്കോണമിയാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പിന്നീടുള്ള അവകാശവാദം. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങളും പ്രചാരണങ്ങളും സര്‍ക്കാര്‍ നടത്തി. ബീം ആപ്പ് പോലുള്ള സംവിധാനങ്ങളും ആരംഭിച്ചു. പക്ഷെ നോട്ട് അസാധുവക്കലിന് മുന്‍പ് ഡിജിറ്റല്‍ ഇടപാടുകളില്‍ ഉണ്ടായ വര്‍ദ്ധനക്കപ്പുറത്ത് പുതിയ ഒരു വളര്‍ച്ചയും നോട്ട് അസാധുവാക്കിയതിന് ശേഷമുണ്ടായിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.

Advertising
Advertising

2011ന് ശേഷം റീടെയില്‍ വ്യാപാര രംഗത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ ശരാശരി 40 ശതമാനത്തിന് മുകളില്‍ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 2011-12 മുതല്‍ 2012-13 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 53 ശതമാനം വളര്‍ച്ചയായിരുന്നു ഡിജിറ്റല്‍ പണമിടപാടില്‍ ഉണ്ടായിരുന്നത്. 2013-14 മുതല്‍ 2014-15 വരെയുള്ള വര്‍ഷത്തില്‍ ഇത് 49 ശതമാനമായി കുറഞ്ഞു. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ പ്രചാരണങ്ങളും പ്രോത്സാഹനങ്ങളുമുണ്ടായിട്ടും ഇത് വീണ്ടും 46 ശതമാനമായി കുറഞ്ഞുവെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇടപാടുകള്‍ക്ക് ജനം കറന്‍സികളെ തന്നെ ആശ്രയിക്കുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണം എടിഎമ്മുകളില്‍ നിന്ന് പിന്‍വലിച്ച പണത്തിന്റെ കണക്കാണ്. കഴിഞ്ഞ നവംബറില്‍ 85000 കോടിയായിരുന്നു ജനം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചതെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 2.26 ലക്ഷം കോടിയായി വര്‍ദ്ധിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News