യുപിയില്‍ 2100 മുസ്‍ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെ കൊണ്ട് വിവാഹം ചെയ്യിക്കും: ഹിന്ദു ജാഗരണ്‍ മഞ്ച്

Update: 2018-06-05 17:06 GMT
Editor : Sithara
യുപിയില്‍ 2100 മുസ്‍ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെ കൊണ്ട് വിവാഹം ചെയ്യിക്കും: ഹിന്ദു ജാഗരണ്‍ മഞ്ച്
Advertising

ഉത്തര്‍ പ്രദേശില്‍ റിവേഴ്‌സ് ലവ് ജിഹാദ് നടപ്പാക്കുമെന്ന് ആര്‍എസ്എസ് അനുകൂല സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്.

ഉത്തര്‍ പ്രദേശില്‍ റിവേഴ്‌സ് ലവ് ജിഹാദ് നടപ്പാക്കുമെന്ന് ആര്‍എസ്എസ് അനുകൂല സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. ആറ് മാസത്തിനുള്ളില്‍ 2100 മുസ്‍ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ പദ്ധതിയിടുന്നുവെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് അജ്ജു ചൌഹാന്‍ പറഞ്ഞതായി ഡെക്കാണ്‍ ക്രോണിക്കിള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ലവ് ജിഹാദിന് ചുട്ടമറുപടി നല്‍കാന്‍ സമയമായെന്നും അജ്ജു ചൌഹാന്‍ പറഞ്ഞു.

2100 മുസ്‍ലിം പെണ്‍കുട്ടികളെ ആറ് മാസത്തിനുള്ളില്‍ ഹിന്ദു കുടുംബങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഹിന്ദു ജാഗരണിന്‍റെ യുപിയിലെ എല്ലാ ജില്ലാ യൂണിറ്റുകള്‍ക്കും ടാര്‍ഗറ്റ് നല്‍കും. മുസ്‌ലിം പെണ്‍കുട്ടികളുമായി നിലവില്‍ പ്രണയമുളള, അവരെ വിവാഹം ചെയ്യാന്‍ താല്‍പര്യമുള്ള 150 ഹിന്ദു നേതാക്കളെ അറിയാം. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അജ്ജു ചൌഹാന്‍ പറഞ്ഞു.

വിവാഹപ്രായം തികഞ്ഞ ഹിന്ദു യുവാക്കളുടെ വീട്ടിലെത്തി മുസ്‍ലിം പെണ്‍കുട്ടികളെ മരുമകളായി സ്വീകരിക്കാന്‍ മാതാപിതാക്കളെ ബോധവല്‍ക്കരിക്കും. ഹിന്ദുയിസത്തിന് നല്‍കുന്ന സേവനമാണിതെന്ന് അവരെ ബോധ്യപ്പെടുത്തും. മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജുകള്‍ സന്ദര്‍ശിക്കാനും ഹിന്ദു ജാഗരണ്‍ മഞ്ച് തീരുമാനിച്ചിട്ടുണ്ടെന്ന് അജ്ജു ചൌഹാന്‍ വ്യക്തമാക്കി.

മുസ്‌ലിം പെണ്‍കുട്ടികളുമായി സംസാരിച്ച് ഹിന്ദു വീടുകളില്‍ അവര്‍ സുരക്ഷിതരും സന്തോഷവതികളുമായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തുമെന്ന് ചൌഹാന്‍ പറഞ്ഞു. ഹിന്ദു യുവാക്കളെ വിവാഹം ചെയ്താല്‍ തലാഖ്, രണ്ടാം വിവാഹം തുടങ്ങിയ ഭീഷണികളൊന്നുമുണ്ടാവില്ലെന്ന് അവരോട് പറയും. ഹിന്ദു കുടുംബങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നും പറഞ്ഞുമനസ്സിലാക്കും. വിവാഹിതരാവുന്ന മുസ്‌ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുമോയെന്ന ചോദ്യത്തിന് ഹിന്ദു യുവാക്കളെ ആചാരപ്രകാരം വിവാഹം ചെയ്യുന്നതോടെ അവര്‍ ഹിന്ദുക്കളായി മാറുമെന്ന് അജ്ജു ചൌഹാന്‍ മറുപടി നല്‍കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News