പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍
ചെന്നൈയിലെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച നേതാവാണ് പ്രേം.
തമിഴ്നാട്ടിൽ ഓടുന്ന ട്രെയിനിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. അഭിഭാഷകൻ കൂടിയായ കെപി പ്രേം ആനന്ദാണ് അറസ്റ്റിലായത്. തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്. 2006 തമിഴ്‍നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച നേതാവാണ് പ്രേം.
പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ ഈറോഡ് പൊലീസ് പ്രേം ആനന്ദിനെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റിലായ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബെർത്തിൽ കിടന്ന് ഉറങ്ങുകയായിരുന്ന പെൺകുഞ്ഞിനെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. കുട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ രക്ഷിതാക്കൾ ഇയാളെ പിന്തുടർന്ന് പിടികൂടി. അടുത്തിടെ ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹോദരന്‍ അതുലും അറസ്റ്റിലായിരുന്നു. കത്‍വ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഷേധം കത്തിപ്പടരുമ്പോഴാണ് മറ്റൊരു ബിജെപി നേതാവ് കൂടി പീഡനക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ശിപാര്‍ശക്ക് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.