തൂത്തുക്കുടി വെടിവെയ്‍പ്പ്: തമിഴ്‍നാട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ തമിഴ്‍നാട് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കപ്പെട്ടില്ല.

Update: 2018-06-30 04:17 GMT
Advertising

തൂത്തുക്കുടി വെടിവെയ്‍പ്പ് സംബന്ധിച്ച് തമിഴ്‌നാട് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സര്‍ക്കാറിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്കെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടയിലേക്കാണ് പൊലീസ് വെടിയുതിർത്തത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടു. വെടിവെപ്പും മരണവുമുണ്ടായ സാഹചര്യത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. തമിഴ്നാട് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കപ്പെട്ടില്ല. ഈ വർഷം മെയ് 23നായിരുന്നു കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കേസിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കമ്മീഷനിൽ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. സമയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ദേശീയ മനുഷ്യാവകാശ കമ്മീഷനും സർക്കാറിനോട് വിശദീകരണം തേടിയിട്ടില്ല. മരിച്ചവർക്കും പരുക്കേറ്റവർക്കുമുള്ള നഷ്ടപരിഹാര തുക ഉയർത്തുകയും പ്ലാന്റ് പൂട്ടുകയും ചെയ്തെങ്കിലും വേദാന്ത കമ്പനിയ്ക്ക് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. 2013 ൽ പ്ലാന്റ് വീണ്ടും തുറന്നതിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, പ്ലാന്റ് പൂട്ടിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് നിലനിൽക്കില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

Tags:    

Similar News