ക്ഷേത്രം തകര്‍ത്തപ്പോള്‍ ഒരു പള്ളി പൊളിച്ചു, അത്രയേ ചെയ്തുള്ളൂ; വര്‍ഗീയകലാപത്തിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി

ബിഹാറിലെ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതികളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെയാണ് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത്.

Update: 2018-07-08 14:45 GMT
Advertising

വര്‍ഗീയ സംഘര്‍ഷത്തിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിന്‍ഹ. ബിഹാറിലെ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതികളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെയാണ് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത്. പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളേയും മന്ത്രി സന്ദര്‍ശിച്ചു.

2017 ഏപ്രിലിലാണ് നവാഡ ജില്ലയിലെ കലാപത്തെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദള്‍ നേതാവ് ജിതേന്ദ്ര പ്രതാപ്, വി.എച്ച്.പി നേതാവ് കൈലാഷ് വിശ്വകര്‍മ്മ എന്നിവരായിരുന്നു അറസ്റ്റിലായത്.

എന്നാല്‍ നേതാക്കളുടെ അറസ്റ്റിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ഇരുവരേയും കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച മന്ത്രി, അവര്‍ സമാധാനം കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി. അവരെ എങ്ങനെയാണ് കലാപകാരികള്‍ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘’ജിതുജിയെയും കൈലാഷ് ജിയെയുമെല്ലാം ഇത്തരത്തില്‍ ആളുകള്‍ കാണുന്നത് ദൌര്‍ഭാഗ്യകരമാണ്. 2017 ൽ രാമനവമിയിൽ സംഘർഷമുണ്ടായപ്പോൾ ആ പ്രദേശത്ത് സമാധാനം നിലനിർത്തുവാനാണ് അവര്‍ അത് ചെയ്തത്. അക്ബര്‍പൂരില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം തകര്‍ക്കപ്പെട്ടപ്പോള്‍ അതുപോലൊരു പള്ളി അവരും തകര്‍ത്തു.’’ ഗിരിരാജ് സിന്‍ഹ പറഞ്ഞു.

Tags:    

Similar News