ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മൂന്ന് നിര്‍ണ്ണായക സമിതികളുമായി കോണ്‍ഗ്രസ്
കോര്‍സമിതി, പ്രകടനപത്രിക സമിതി, പ്രചരണസമിതി എന്നിവയാണ് രൂപീകരിച്ചത്. എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുള്‍പ്പെട്ടതാണ് 9 അംഗ കോര്‍സമിതി.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായാണ് കോണ്‍ഗ്രസ് പ്രധാനപ്പെട്ട മൂന്ന് സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്.
എ കെ ആന്‍റണി, ഗുലാം നബി ആസാദ്, പി ചിദംബരം, അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരടങ്ങുന്നതാണ് 9 അംഗ കോര്‍ സമിതി. 2019 തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ ആശ്രയിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതെന്നതെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാക്കുന്നത്. എ കെ ആന്‍റണിയെ കൂടാതെ കേരളത്തില്‍ നിന്ന് കെ സി വേണുഗോപാലിനെയും കോര്‍സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
19 അംഗങ്ങള്‍ അടങ്ങുന്നതാണ് പ്രകടനപത്രികാ സമിതി. ഇതില്‍ കോര്‍കമ്മിറ്റിയില്‍ സ്ഥാനമുള്ള പി ചിദംബരത്തെയും ജയറാം രമേശിനെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ശശിതരൂര്‍, ബിന്ദു കൃഷ്ണ എന്നിവര്‍ക്കും സമിതിയില്‍ സ്ഥാനം ലഭിച്ചു.
പ്രചരണസമതിയില്‍ 13 പേരാണുള്ളത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല , കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വിഭാഗം ചുമതല നിര്‍വഹിക്കുന്ന ദിവ്യ സ്പന്ദന എന്നിവരടങ്ങതാണ് സമിതി. കേരളത്തില്‍ നിന്ന് വി ഡി സതീശനും സമിതിയില്‍ സ്ഥാനം ലഭിച്ചു. പാര്‍ട്ടി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങി കഴിഞ്ഞെന്നും പ്രകടപത്രികയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്കരിക്കാന്‍ ആരഭിക്കുന്നതായും സമിതികള്‍ പ്രഖ്യാപിച്ച്കൊണ്ട് അശോക് ഖെലോട്ട് പറഞ്ഞു.
അതേസമയം എന്‍ഡിഎ ഘടകകക്ഷികളായുള്ള പാര്‍ട്ടി നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തി ബിജെപിയും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു.