മോദിയുടെ ചിത്രം പമ്പുകളില്‍ പ്രദര്‍ശിപ്പിക്കണം, ഇല്ലെങ്കില്‍ ഇന്ധനമില്ല: പെട്രോള്‍ പമ്പുടമകള്‍ക്ക് ഓയില്‍ കമ്പനികളുടെ ഭീഷണി

2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പമ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും തൊഴിലാളികളുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ നിര്‍ബന്ധിക്കുന്നതായാണ് 

Update: 2018-08-26 07:45 GMT

തങ്ങളുടെ പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണകമ്പനികള്‍ നിര്‍ബന്ധം പിടിക്കുന്നുവെന്ന ആരോപണവുമായി പെട്രോള്‍ പമ്പുടമകള്‍. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും തൊഴിലാളികളുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും സര്‍ക്കാര്‍ അധീനതയിലുളള എണ്ണ കമ്പനികള്‍ നിര്‍ബന്ധിക്കുന്നതായാണ് പമ്പുടമകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‍. മോദിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ എണ്ണ നല്‍കില്ലെന്ന് കമ്പനികള്‍ ഭീഷണിപ്പെടുത്തിയതായും പമ്പുടമകള്‍ പറയുന്നു. ഹിന്ദു ദിനപത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

Advertising
Advertising

‘പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ആരെങ്കിലും എതിര് പറഞ്ഞാല്‍ ഇന്ധനം നല്‍കില്ലെന്നാണ് കമ്പനികളുടെ ഭീഷണി'യെന്ന് പറയുന്നു ഇന്ത്യന്‍ പെട്രോളിയം ഡീലേര്‍സിന്റെ പ്രസിഡന്റ് എസ്.എസ് ഗോഗി.

തങ്ങളുടെ സ്റ്റാഫുകളുടെ വിവരങ്ങള്‍ ജാതി, മതം വേര്‍തിരിച്ച് അറിയിക്കണമെന്ന് കമ്പനികള്‍ അറിയിച്ചതായും ഗോഗി പറയുന്നു. ഗവണ്‍മെന്റിന്റെ അത്തരം ഡാറ്റ ശേഖരം സ്വകാര്യതയുടെ ലംഘനമാണ്, ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷം തൊഴിലാളികളുടെ ജാതി, മതം എന്നിവ വെളിപ്പെടുത്താണമെന്ന് പെട്രോള്‍ പമ്പുടമകള്‍ക്ക് ഓയില്‍ കമ്പനികള്‍ നല്‍കിയ നിര്‍ദേശം.

കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ പ്രധാനമന്ത്രിയുടെ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ മുന്‍കൂര്‍ പഠന സ്‌കീം അംഗീകരിക്കുന്നതിന് അവരുടെ ജീവനക്കാരുടെ വിവരങ്ങള്‍ അയയ്ക്കണമെന്ന് രാജ്യത്തെ 59000 പെട്രോളിയം ഡീലര്‍മാര്‍ക്ക് കത്തെഴുതിയത്. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ എണ്ണ ലഭ്യതയില്ലാതാക്കുമെന്ന് സര്‍ക്കാര്‍ അധീനതയിലുള്ള പെട്രോള്‍ കമ്പനികള്‍ ഭീഷണിപ്പെടുത്തിയതായും ഡീലേര്‍സ് പറയുന്നു.

Tags:    

Similar News