‘സ്വന്തം ഭീകരസ്വഭാവം മറച്ചുവെക്കാനുള്ള ഗതികെട്ട നീക്കം’ ‌പാക് ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

സ്‌കൂള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഭീകരര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കിയെന്നായിരുന്നു പാക് ആരോപണം. ഐക്യരാഷ്‍ട്രസഭയില്‍ പാക് വിദേശകാര്യ മന്ത്രിയാണ് ഇന്ത്യക്കെതിരെ വിവാദ ആരോപണവുമായി രംഗത്തെത്തിയത്.

Update: 2018-09-30 13:54 GMT

2014ലെ പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്‍ ആരോപണത്തെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. സ്‌കൂള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഭീകരര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കിയെന്നായിരുന്നു പാക് ആരോപണം. ഐക്യരാഷ്‍ട്രസഭയില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് ഇന്ത്യക്കെതിരെ വിവാദ ആരോപണവുമായി രംഗത്തെത്തിയത്. അസംബന്ധമായ ആരോപണമാണ് പാക്കിസ്ഥാന്റേതെന്ന് യു.എന്നിലെ ഇന്ത്യന്‍ സ്ഥിരസ്ഥാനപതി ഈനം ഗംഭീര്‍ തുറന്നടിച്ചു.

തങ്ങളുടെ ഭീകരസ്വഭാവം മറച്ചുവെക്കാനും അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനുമായി പാകിസ്ഥാന്‍ നടത്തുന്ന ഗതികെട്ട നീക്കമാണ് ഇതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നാലു വര്‍ഷം മുമ്പ് നടന്ന സ്‌കൂള്‍ ആക്രമണത്തില്‍ ഇന്ത്യക്കെതിരെ യുക്തിരഹിതമായ ആരോപണമാണ് പാക്കിസ്ഥാന്‍ ഉന്നയിച്ചതെന്ന് ഈനം പറഞ്ഞു. കുട്ടികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ഇന്ത്യക്കുള്ള ദുഃഖവും വേദനയും വര്‍ധിപ്പിക്കുന്നതാണ് ആരോപണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ പാക് സർക്കാരിനെ ഈനം ഓർമിപ്പിച്ചു.

Advertising
Advertising

''ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും കൊല്ലപ്പെട്ടവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളും അന്ന് രണ്ട് മിനിറ്റ് മൗനപ്രാര്‍ഥന നടത്തിയിരുന്നു”- ഈനം പറഞ്ഞു. ഇത്തരം നികൃഷ്ടമായ കുത്തുവാക്കുകളിലൂടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ കൂടി അപഹസിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പാക്കിസ്ഥാന്റെ കാപട്യമാണ് പുറത്തുവരുന്നതെന്നും ഇന്ത്യ തിരിച്ചടിച്ചു.

150ല്‍ അധികം കുട്ടികളാണ് പെഷവാര്‍ സ്കൂള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക യൂണിഫോം ധരിച്ച് ആര്‍മി സ്‌കൂളിലെത്തിയ പത്തോളം താലിബാന്‍ ചാവേറുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Tags:    

Similar News