നിതീഷ് കുമാറിന് നേരെ ചെരിപ്പേറ്; ഒരാള്‍ അറസ്റ്റില്‍

ഔറംഗബാദില്‍ നിന്നുള്ള ചന്ദന്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.

Update: 2018-10-11 09:28 GMT

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഔറംഗബാദില്‍ നിന്നുള്ള ചന്ദന്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. സംവരണത്തോടുള്ള പ്രതിഷേധമാണ് താന്‍ രേഖപ്പെടുത്തിയതെന്ന് ചന്ദന്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. താന്‍ മുന്നോക്ക ജാതിക്കാരനായതിനാല്‍ ജോലി കിട്ടുന്നില്ലെന്നാണ് യുവാവിന്‍റെ പരാതി.

ജനതാദള്‍ യുണൈറ്റിഡിന്‍റെ യുവജന വിഭാഗ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. ചെരിപ്പെറിഞ്ഞ ചന്ദന്‍ കുമാറിനെ ജെ.ഡി.യു പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു. പിന്നീട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിന്‍റെ പേരില്‍ മുന്നോക്ക ജാതിക്കാര്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉടന്‍ അറസ്റ്റ് ആകാമെന്ന നിയമം പുനസ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.

Tags:    

Similar News