രാജസ്ഥാനില്‍ പുതുമുഖങ്ങളെ മത്സരിപ്പിച്ച് ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ബി.ജെ.പി

നൂറ് സീറ്റിലെങ്കിലും പുതുമുഖങ്ങളെ മത്സരിപ്പിച്ച് ഭരണവിരുദ്ധ വികാരം കുറക്കാനാണ് ശ്രമം. ആഭ്യന്തരമന്ത്രി അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയെല്ലാം ജനങ്ങള്‍ക്കിടയില്‍

Update: 2018-10-17 15:09 GMT

രാജസ്ഥാനിലെ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ പരമാവധി പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ ബി.ജെ.പിയില്‍ തീരുമാനം. ഇരുനൂറ് അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റിലെങ്കിലും പുതുമുഖ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചേക്കും. ഇതോടെ മന്ത്രിമാര്‍ അടക്കമുള്ള പലപ്രമുഖര്‍ക്കും സീറ്റ് നഷ്ടമാകുമെന്ന് ഉറപ്പായി.

രാജസ്ഥാനില്‍ വസുന്ധര രാജ സിന്ധ്യ സര്‍ക്കാരിനെതിരെ വലിയ ഭരണ വിരുദ്ധ വികാരം ഉയരുന്ന സാഹചര്യത്തില്‍ അത് മറി കടക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. നൂറ് സീറ്റിലെങ്കിലും പുതുമുഖങ്ങളെ മത്സരിപ്പിച്ച് ഭരണവിരുദ്ധ വികാരം കുറക്കാനാണ് ശ്രമം. ആഭ്യന്തരമന്ത്രി അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയെല്ലാം ജനങ്ങള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായം ഉണ്ടെന്നാണ് ബി.ജെ.പിയുടെ തന്നെ കണ്ടെത്തല്‍. കുറഞ്ഞത് ആറ് മന്ത്രിമാര്‍ക്ക് എങ്കിലും ഇത്തവണ മത്സരിക്കാന്‍ അവസരം കിട്ടില്ലെന്നാണ് അനുമാനം.

2003 മത്സരിച്ച 68 സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പി 2008 ലും സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ 28 പേര്‍ മാത്രമേ ജയിച്ചിരുന്നുള്ളു. പതിമൂന്ന് മന്ത്രിമാര്‍ അടക്കം 40 പേര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മണ്ഡലം മാറി മത്സരിച്ച മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അന്ന് തോറ്റത്. ഇത് ഓര്‍മ്മയിലുള്ള ബി.ജെ.പിക്ക് ഭാഗ്യപരീക്ഷണത്തിന് ഇത്തവണ നില്‍ക്കാന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്.

Tags:    

Similar News