‘അധികാരമോഹികളായ ബി.ജെ.പി നേതൃത്വം രോഗിയായ പരീക്കര്‍ക്ക് വിശ്രമം അനുവദിക്കുന്നില്ല’

അനാവശ്യമായ സമ്മർദ്ദമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പരീക്കറിൽ ചെലുത്തുന്നത്. ബി.ജെ.പിയിൽ ഇന്നുള്ളത് ആദർശത്തെ കുറിച്ച് ബോധമില്ലാത്തവരാണെന്നും സുഭാഷ് വെലിങ്‍കർ പറഞ്ഞു.

Update: 2018-10-26 16:49 GMT
Advertising

അധികാര മോഹികളായ ബി.ജെ.പി നേത‍‍ൃത്വം രോഗിയായ ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കർക്ക് വിശ്രമം നിഷേധിക്കുകയാണെന്ന് മുൻ ആർ.എസ്.എസ് നേതാവ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ പരീക്കർക്ക് അവസരം നൽകാതെ അധികാരത്തിൽ കടിച്ച് തൂങ്ങാനാണ് പാർട്ടി ശ്രമിക്കുന്നത് എന്നും, അനാവശ്യമായി സമ്മർദ്ദം കൊടുക്കുകയാണെന്നും ആർ.എസ്.എസ് നേതാവ് സുഭാഷ് വെലിങ്‍കർ പറഞ്ഞു.

അനാവശ്യമായ സമ്മർദ്ദമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പരീക്കറിൽ ചെലുത്തുന്നത്. ബി.ജെ.പിയിൽ ഇന്നുള്ളത് ആദർശത്തെ കുറിച്ച് ബോധമില്ലാത്തവരാണ്. ഇറക്കുമതി ചെയ്യപ്പെട്ട നേതാക്കളാണ് ഇന്ന് പാർട്ടിയിലുള്ളത്. അധികാരമോഹികളായ ഇക്കൂട്ടരെ വെച്ച് വരുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കാം എന്ന് കരുതേണ്ടതില്ലെന്നും വെലിങ്‍കർ പറഞ്ഞു.‌

എന്നാൽ വെലിങ്‍കറിന്റെ ആരോപങ്ങളെ തള്ളി ബി.ജെ.പി ഗോവ തലവൻ വിനയ് ടെണ്ടുൽക്കർ രംഗത്തു വന്നു. മനോഹർ പരീക്കർ സ്വമേധയാ ആണ് മുഖ്യമന്ത്രി സ്ഥാനത്ത തുടരുന്നതെന്ന് പറഞ്ഞ ടെണ്ടുൽക്കർ, അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും പറഞ്ഞു. പാർട്ടിയിൽ ഇന്നുള്ളവർ എല്ലാവരും പാർട്ടിയുടെ ആദർശത്തെ കുറിച്ച് ബോധ്യമുള്ളവരാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മാസം നീണ്ട പാൻക്രിയാടിക് ചികിത്സക്ക് ശേഷം കഴിഞ്ഞ ഒക്ടോബർ പതിനഞ്ചിന് തിരിച്ചെത്തിയ പരീക്കർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. ഗോവയിലെ ബി.ജെ.പി സഖ്യ കക്ഷിയായ മഹാരാഷ്ട്രവാതി ഗോമന്തക് പാർട്ടി (എം.ജി.പി) ഉൾപ്പടെയുള്ളവർ അൽപ്പ കാലത്തേക്ക് പരീക്കർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു.

Tags:    

Similar News