ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷക മാര്‍ച്ച്
ഡല്‍ഹിയിലെ അഞ്ച് ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച കര്‍ഷകറാലി ഇന്നലെ വൈകുന്നരത്തോടെ രാംലീല മൈതാനിയിലാണ് സംഗമിച്ചത്.
ഡല്‍ഹി രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് കര്‍ഷകരുടെ മാര്‍ച്ച്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് തുടങ്ങി. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ പിന്തുടര്‍ച്ചയായാണ് ഇപ്പോഴത്തെ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്.
ഡല്‍ഹിയിലെ അഞ്ച് ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച കര്‍ഷകറാലി ഇന്നലെ വൈകുന്നരത്തോടെ രാംലീല മൈതാനിയിലാണ് സംഗമിച്ചത്. കര്‍ഷകര്‍ക്കായി മൈതാനത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നതിന് പുറമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട താങ്ങുവില ഏര്‍പ്പെടുത്തണമെന്നും കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് പുരോഗമിക്കുന്നത്.
തമിഴ്‍നാട്ടില്‍ നിന്നും ആയിരത്തിലേറെ കര്‍ഷകരാണ് ഡല്‍ഹിയില്‍ എത്തിയത്. കട ബാധ്യതയെ തുടര്‍ന്നും മറ്റും ആത്മഹത്യ ചെയ്ത കര്‍ഷക സഹോദരങ്ങളുടെ തലയോട്ടിയേന്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നഗ്നരായി മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
വിളകള്‍ക്ക് മെച്ചപ്പെട്ട താങ്ങുവില ഏര്‍പ്പെടുത്തണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യം. കര്‍ഷക കടം കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇനിയും കര്‍ഷക വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ പാര്‍ലമെന്റിലേക്ക്, ജീവന്‍ വെടിഞ്ഞ തങ്ങളുടെ സഹോദരങ്ങളുടെ തലയോട്ടിയേന്തി നഗ്നരായി മാര്‍ച്ച് നടത്തുമെന്നും കര്‍ഷക നേതാവ് അയ്യാക്കണ്ണ് പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‍നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയെ ഇളക്കിമറിക്കുന്നത്.