ജി20 ഉച്ചകോടിക്കിടെ തന്ത്രപ്രധാന കൂടിക്കാഴ്ച്ചകളുമായി ഇന്ത്യ

ഇന്ത്യ-അമേരിക്ക-ജപ്പാന്‍, ഇന്ത്യ-റഷ്യ-ചെെന കൂടിക്കാഴ്ച്ചകള്‍ നടന്നു

Update: 2018-12-01 04:32 GMT

അര്‍ജന്റീനയില്‍ നടന്നു കൊണ്ടിരിക്കുന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന-റഷ്യ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ത്രികക്ഷി ചര്‍ച്ച നടത്തി. സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് രാഷ്ട്രങ്ങളിലേയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമാണ് മൂന്ന് രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ച നടക്കുന്നത്.

നേരത്തെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ചേര്‍ന്ന് കൂടിക്കാഴ്ച്ച നടത്തിയതിന് മണിക്കൂറുകള്‍ക്കകമാണ് പ്രധാനമന്ത്രി ചൈന-റഷ്യ രാഷ്ട്രത്തലവന്‍മാരെ കണ്ടത്. ഇന്ത്യ-ജപ്പാന്‍-അമേരിക്ക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ചര്‍ച്ച നടക്കുന്നത്.

Advertising
Advertising

രണ്ടാമത് ആര്‍.ഐ.സി ചര്‍ച്ച അര്‍ജന്റീനയില്‍ വെച്ച് നടന്നുവെന്നും, മൂന്ന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള കൂടിച്ചേരല്‍ പോസിറ്റീവ് ആയിരുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. വിവിധ മേഖലയില്‍ സുസ്ഥിരതയും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതുമായും, മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതിനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.

നേരത്തെ, അമേരിക്ക-ജപ്പാനുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇന്തോ-പസഫിക്ക് മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന ചൈനയുടെ ഇടപെടലുകളെ പറ്റിയും, മേഖലയിലെ രാജ്യന്തര താല്‍പ്പര്യങ്ങളെ പറ്റിയും ചര്‍ച്ച നടത്തുകയുണ്ടായി. ജപ്പാന്‍-അമേരിക്ക-ഇന്ത്യ രാജ്യങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ‘JAI’ ഹിന്ദിയില്‍ വിജയം എന്നാണ് അര്‍ഥമാക്കുന്നതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags:    

Similar News