മുഖ്യമന്ത്രി സ്ഥാനം പോയപ്പോള്‍ ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററില്‍ വരുത്തിയ ‘തിരുത്ത്’
തനിക്ക് ജനങ്ങളുമായി വൈകാരികബന്ധമാണുള്ളതെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്ത് തുടരുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടതോടെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ ഒരു തിരുത്ത് വരുത്തി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് CM എന്നായിരുന്നു ട്വിറ്റര്‍ ബയോയില്‍ വിശേഷിപ്പിച്ചിരുന്നതെങ്കില്‍ അധികാരം നഷ്ടപ്പെട്ടപ്പോഴും ശിവരാജ് സിങ് ചൗഹാന്‍ CM തന്നെയാണ്. എന്നാല്‍ ഇപ്പോഴത്തെ CM ന്റെ അര്‍ത്ഥം വേറെയാണെന്ന് മാത്രം. മുമ്പ് ചീഫ് മിനിസ്റ്റര്‍(CM) ഓഫ് മധ്യപ്രദേശ് എന്നായിരുന്നെങ്കില്‍ ഇപ്പോള്‍ കോമണ്‍ മാന്‍ (CM) ഓഫ് മധ്യപ്രദേശ് എന്നാക്കി മാറ്റുകയായിരുന്നു.
തനിക്ക് ജനങ്ങളുമായി വൈകാരികബന്ധമാണുള്ളതെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്ത് തുടരുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ''ഞാന്‍ അവര്‍ക്ക് വേണ്ടി ജീവിക്കും, വേണമെങ്കില്‍ മരിക്കും. അതുകൊണ്ട് തന്നെ എനിക്ക് മധ്യപ്രദേശ് വിടാന്‍ കഴിയില്ല.'' - സംസ്ഥാനത്ത് അധികാരം നഷ്ടമായതോടെ ശിവരാജ് സിങ് ചൗഹാന് കേന്ദ്രമന്ത്രിസഭയില്‍ ഇടംലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. എനിക്ക് എന്റെ ഏഴര കോടി വരുന്ന ജനങ്ങളെ ഉപേക്ഷിച്ച് ഒരിടത്തേക്കും പോകാന്‍ കഴിയില്ല. അവര്‍ എന്നെ സ്നേഹിക്കുന്നു. ഞാന്‍ തിരിച്ചും. എനിക്ക് കഴിയുന്ന വിധം ഞാന്‍ അവര്‍ക്ക് സേവനം ചെയ്യും, അവസാന ശ്വാസം വരെ. പ്രതിപക്ഷത്തിരുന്ന് ജനങ്ങളെ സേവിക്കാനാണ് അവര്‍ പറയുന്നതെങ്കില്‍ ഞാന്‍ അത് ചെയ്യും. ഞാന്‍ ഒരിക്കലും പിന്തിരിയില്ല. മധ്യപ്രദേശാണ് എനിക്കെല്ലാം.'' - ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.