രാഹുല്‍ ഗാന്ധിയുടെ ദേശീയത ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ്

മധ്യപ്രദേശിലെ ബി.ജെ.പിയുടെ പ്രചരണ ചുമതലയുള്ള വ്യക്തിയായിരുന്നു കൈലാഷ് വിജയവര്‍ഗ്യ

Update: 2018-12-16 03:23 GMT

സുപ്രധാന അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിറകെ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. വിദേശിയായ ഒരു സ്ത്രീയുടെ മകന് രാജ്യസ്‌നേഹിയാവാന്‍ കഴിയില്ലെന്നും, രാജ്യ താല്‍പര്യത്തിനായി പ്രവര്‍ത്തിക്കാനാവില്ലെന്നുമാണ് ബി.ജെ.പിയുടെ കൈലാഷ് വിജയവര്‍ഗ്യ പറഞ്ഞത്. പ്രസ്താവനക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു.

മധ്യപ്രദേശിലെ ബി.ജെ.പിയുടെ പ്രചരണ ചുമതലയുള്ള വ്യക്തിയായിരുന്നു കൈലാഷ് വിജയവര്‍ഗ്യ. തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന പാര്‍ട്ടിക്ക് പക്ഷേ ഇത്തവണ ഭരണം നഷ്ടപ്പെടുകയായിരുന്നു. മധ്യപ്രദേശിലേറ്റ പരാജയത്തില്‍ വിറളി പൂണ്ട വിജയവര്‍ഗ്യക്ക് അടിയന്തിരമായി ചികിത്സ നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി തിരിച്ചടിച്ചു.

Advertising
Advertising

ഇതാദ്യമായല്ല ഇദ്ദേഹം വിവാദ പരാമര്‍ശവുമായി രംഗത്തു വരുന്നത്. നേരത്തെ, ഡല്‍ഹി റേപ്പിന്റെ സമയത്ത്, പെണ്‍കുട്ടികള്‍ അവരുടെ അതിരു ലംഘിച്ചാല്‍ അതിന്റെ വില അവര്‍ തന്നെ നല്‍കേണ്ടി വരുമെന്ന് വിജയവര്‍ഗ്യ പറഞ്ഞിരുന്നു. മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വ്യാപം അഴിമതി ചെറിയ സംഭവം മാത്രമാണെന്നും, അതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ലെന്നും അന്ന് ഇയാള്‍ പറയുകയുണ്ടായി.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വര്‍ഗ്യ വിവാദ പരാമര്‍ശം നടത്തിയത്. ഗാന്ധി കുടുംബത്തിനെതിരെ വിവിധ സന്ദര്‍ഭങ്ങളിലായി ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന ആരോപണമാണ് ‘വിദേശി’ എന്നുള്ളത്. സോണിയാ ഗാന്ധിയുടെ ഈ ഇറ്റാലിയന്‍ ബന്ധം ചൂണ്ടി കാട്ടിയാണ് കൈലാഷ് വര്‍ഗ്യ രാഹുലിനെതിരെ തരം താണതരത്തില്‍ കടന്നാക്രമിച്ചത്.

Tags:    

Similar News