ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനം

മൊബൈല്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇതിന് വിരുദ്ധമായി ആധാര്‍ നിയമത്തില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളാണ് ഭേദഗതി ചെയ്യുന്നത്.

Update: 2018-12-18 13:28 GMT

ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. മൊബൈല്‍ സേവനങ്ങള്‍ക്കുള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിക്കനുസൃതമായാണ് ഭേദഗതികള്‍. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും പുതുക്കിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

മൊബൈല്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇതിന് വിരുദ്ധമായി ആധാര്‍ നിയമത്തില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളാണ് ഭേദഗതി ചെയ്യുന്നത്. നിയമ വിരുദ്ധമായി കൈക്കലാക്കിയ ആധാര്‍ വിവരങ്ങള്‍ തങ്ങളുടെ സെര്‍വറുകളില്‍ നിന്ന് നശിപ്പിച്ചുകളയാത്ത സ്ഥാപനങ്ങളെയും സേവനങ്ങള്‍ നിഷേധിക്കുന്നവര്‍ക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കാന്‍ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മറ്റേത് തിരിച്ചറിയല്‍ കാര്‍ഡ് പോലെയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം.

Advertising
Advertising

സേവനങ്ങള്‍ക്കായി തുടര്‍ന്നും ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സൌകര്യമൊരുക്കാനും സ്ഥാപനങ്ങളോട് നിയമം നിര്‍ദേശിക്കുന്നു. സേവനങ്ങള്‍ക്കായി ഇതിനകം ആധാര്‍ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാണ് ഈ വ്യവസ്ഥ. ആധാര്‍ കാര്‍ഡിന് പകരമായി വീണ്ടും മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ സ്വീകരിക്കുകയെന്ന ഭാരിച്ച ജോലി ഇതുവഴി ഒഴിവായിക്കിട്ടും. നിലവില്‍ ആധാര്‍ കാര്‍ഡുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തുന്ന മുറക്ക് കാര്‍ഡ് പിന്‍വലിക്കാനും ബയോമെട്രിക് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ യുണിക് അതോറിറ്റിയോട് ആവശ്യപ്പെടാം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആധാര്‍ നിയമത്തിന് പുറമെ ടെലഗ്രാഫ് നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമങ്ങളിലും ഭേദഗതി ചെയ്യുന്നുണ്ട്.

Tags:    

Similar News