യുവ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ
എന്നാല്‍ പ്രകോപനം സൃഷ്ടിക്കപ്പെട്ടിട്ടും മനസാന്നിധ്യം കൈവിടാതെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന ഗരിമക്ക് നവമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്.
ഉത്തര്‍പ്രദേശില്‍ യുവ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി എം.എല്‍.എയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. 70കാരനായ ബി.ജെ.പി എം.എല്‍.എ ഉദയ്ഭന്‍ ചൌദരിയാണ് എസ്.ഡി.എം ഗരിമ സിങിനെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.
''ഞാനൊരു എം.എല്‍.എയാണെന്ന് നിനക്ക് അറിയില്ലേ ? എന്‍റെ ശക്തിയെന്താണെന്ന് നിനക്ക് അറിയില്ലേ ? ജനാധിപത്യത്തിന്‍റെ ശക്തി അറിയില്ലേ ?'' - ചൌദരി, ഗരിമയോട് ചോദിച്ചു. ഒരു സംഘം ആളുകള്‍ക്കൊപ്പമാണ് ചൌദരി എസ്.ഡി.എമ്മിനെ കാണാന്‍ എത്തിയത്. ചൌദരിയുടെ ഒപ്പമുണ്ടായിരുന്നവര്‍ എസ്.ഡി.എമ്മിനെതിരെ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. എന്നാല്‍ പ്രകോപനം സൃഷ്ടിക്കപ്പെട്ടിട്ടും മനസാന്നിധ്യം കൈവിടാതെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന ഗരിമക്ക് നവമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്.
കര്‍ഷകരുടെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് എസ്.ഡി.എമ്മിനെ കാണാന്‍ എത്തിയതെന്ന് ചൌദരി പറഞ്ഞു. എസ്.ഡി.എമ്മിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ ചൌദരിക്കെതിരെ ഐ.എ.എസ് അസോസിയേഷന്‍ രംഗത്തെത്തി. സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്ന യുവ ഐ.എ.എസ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു. ജനാധിപത്യത്തിന്‍റെ ശക്തിയെന്താണെന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ തെളിയിച്ചുതരാമെന്നാണ് ട്വിറ്ററില്‍ മിക്കവരുടെയും പ്രതികരണം.