നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചെന്ന് ഗീത ഗോപിനാഥ്
നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഒരു പാദത്തില്‍ രണ്ട് ശതമാനം ഇടിവുവരുത്തിയെന്ന് ഗീത ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി
നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറച്ചെന്ന് ഐ.എം.എഫിന്‍റെ നിയുക്ത സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഒരു പാദത്തില്‍ രണ്ട് ശതമാനം ഇടിവുവരുത്തിയെന്ന് ഗീത ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ഗീത ഗോപിനാഥിനൊപ്പം ഗബ്രിയേല്‍ ചോഡ്‌റോ റിച്ച്, പ്രാചി മിശ്ര, അഭിനവ് നാരായണന്‍ എന്നീ സാമ്പത്തിക വിദഗ്ധരാണ് നോട്ടുനിരോധനത്തിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് പ്രബന്ധം തയ്യാറാക്കിയത്.
അമേരിക്കയില്‍ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസേര്‍ച്ചാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. ‘ക്യാഷ് ആന്‍ഡ് ദി ഇക്കണോമി: എവിഡന്‍സ് ഫ്രം ഇന്ത്യാസ് ഡിമോണിറ്റൈസേഷന്‍’ എന്നാണ് പ്രബന്ധത്തിന്‍റെ പേര്. 2016 നവംബര്‍ 8ന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഏഴ് ശതമാനമായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക്. നോട്ടുനിരോധനം നടപ്പിലാക്കിയ നാലാം പാദത്തില്‍ 6.1 ശതമാനമായി വളര്‍ച്ചാനിരക്ക് കുറഞ്ഞു. നോട്ടുനിരോധനത്തിന് മുമ്പ് 7.6 ശതമാനമായിരുന്ന ജി.ഡി.പി നിരക്ക് അതിനുശേഷം 6.8 ശതമാനത്തിലേക്ക് കുറഞ്ഞെന്നാണ് പഠനം പറയുന്നത്.
നോട്ട് നിരോധനത്തിന്‍റെ നിലവിലെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പ്രബന്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചില ഗുണങ്ങളുണ്ടായേക്കാമെന്നും പറയുന്നു. ഉയര്‍ന്ന നികുതി വരുമാനവും ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റവും നോട്ടുനിരോധനത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണങ്ങളായേക്കാമെന്നാണ് നിരീക്ഷണം. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നും പ്രബന്ധത്തില്‍ പറയുന്നു.