രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ചോദിച്ചത് 10 ദിവസത്തെ സമയം, രണ്ട് ദിവസത്തിനുള്ളില്‍ ചെയ്തെന്ന് രാഹുല്‍
നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.
അധികാരമേറ്റത്തിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളി. നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.
കോണ്‍ഗ്രസിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍. മൂന്ന് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ വാഗ്ദാനം പാലിച്ചു. "10 ദിവസത്തെ സമയമാണ് ഞങ്ങള്‍ ചോദിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങളത് ചെയ്തു", എന്നാണ് മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിനെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
നേരത്തെ അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. പിന്നാലെ ഛത്തീസ്‍ഗഢില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും വാക്ക് പാലിച്ചു. 2 ലക്ഷം വരെയുള്ള കാര്‍ഷിക ലോണുകളാണ് എഴുതിത്തള്ളിയത്. ഇതിനായി രാജസ്ഥാനില്‍ 18000 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ അധികമായി വേണം.
കോണ്‍ഗ്രസ് വാഗ്ദാനം പാലിച്ചതിന് പിന്നാലെ കര്‍ഷക പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ മോദിയെ സുഖിച്ചുറങ്ങാന്‍ അനുവദിക്കില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി കര്‍ഷകര്‍ക്ക് നയാപൈസ പോലും നല്‍കാത്ത മോദി, രാജ്യത്തെ വലിയ മുതലാളിമാരുടെ കടങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.