ഫെഡറല്‍ മുന്നണി നീക്കങ്ങളുമായി കെ.ചന്ദ്രശേഖര റാവുവിന്റെ പര്യടനം ഡല്‍ഹിയില്‍

മുന്നണി ചര്‍ച്ചകള്‍ക്കായി കെ.സി.ആര്‍ ഇന്ന് മായാവതിയുമായും അഖിലേഷ് യാദവുമായും ഡല്‍ഹിയി കൂടിക്കാഴ്ച നടത്തിയേക്കും.

Update: 2018-12-25 02:12 GMT

ഫെഡറല്‍ മുന്നണി നീക്കങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ പര്യടനം ഡല്‍ഹിയില്‍. മുന്നണി ചര്‍ച്ചകള്‍ക്കായി കെ.സി.ആര്‍ ഇന്ന് മായാവതിയുമായും അഖിലേഷ് യാദവുമായും ഡല്‍ഹിയി കൂടിക്കാഴ്ച നടത്തിയേക്കും.

ഒരു മാസത്തേക്ക് പ്രത്യേക വിമാനം സജ്ജമാക്കിയാണ് തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവുവിന്റെ പര്യടനം. കോണ്‍ഗ്രസ്-ബിജെപി ഇതര ബദല്‍ മുന്നണിക്കായാണ് കെ.സി. ആറിന്റെ ശ്രമം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായും ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്നായിക്കുമായും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇന്നത്തെ കൂടിക്കാഴ്ചയും. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെതിരെ സമ്മര്‍ദ്ദ ശക്തിയായി വളര്‍ന്നുവരികയും തെരഞ്ഞെടുപ്പാനന്തരം വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുകയുമാണ് കെ. സി.ആര്‍ ലക്ഷ്യമിടുന്നത്.

Advertising
Advertising

നവീന്‍ പട്നായിക്കോ മമതാ ബാനര്‍ജിയോ ഫെഡറല്‍ മുന്നണിയെന്ന ആശയത്തെ പരസ്യമായി തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലെത്തിയില്ലെങ്കില്‍ ബംഗാളില്‍ ഗുണം കൊയ്യുക ബി.ജെ.പിയാവും. ബി.എസ്.പിയും എസ്.പിയുമാകട്ടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സര്‍വാത്മനാ മുന്നോട്ട് വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഫെഡറല്‍ മുന്നണി ചര്‍ച്ചകള്‍ ശ്രദ്ധേയമാവുന്നത്. മൂന്ന് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചില കേന്ദ്രമന്ത്രിമാരുമായും തെലങ്കാന മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

Tags:    

Similar News