ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബി.ജെ.പി എം.പി
ഇവിടെ സതിയും സ്ത്രീധനവും പോലെയുള്ള ആചാരങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴും അതിനെയൊക്കെ ഉയര്‍ത്തിപ്പിടിക്കുമോയെന്നും
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.പി ഉദിത് രാജ്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധമായി തന്‍റെ നിലപാട് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവകാശം ലഭിച്ചതിനെ അദ്ദേഹം നേരത്തെ പ്രശംസിച്ചിരുന്നു. ''യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ച് പ്രാര്‍ഥിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്. ഇവിടെ സതിയും സ്ത്രീധനവും പോലെയുള്ള ആചാരങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴും അതിനെയൊക്കെ ഉയര്‍ത്തിപ്പിടിക്കുമോയെന്നും'' അദ്ദേഹം ചോദിച്ചു.
സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് പുരുഷന്‍ ജന്മമെടുക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തെ എതിര്‍ത്ത് സംസ്ഥാനമൊട്ടാകെ ബി.ജെ.പി വ്യാപക അക്രമവും പ്രതിഷേധവും അഴിച്ചുവിടുമ്പോഴാണ് ഉദിത് രാജിന്‍റെ പ്രസ്താവന.
നേരത്തെ പ്രളയസമയത്ത് കേരളം പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗിക്കണമെന്ന് ഉദിത് രാജ് പറഞ്ഞിരുന്നു. കേരളത്തിലെ പ്രധാന അമ്പലങ്ങളായ പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ സ്വര്‍ണത്തിന്റെ മൂല്യം ഒരു ലക്ഷം കോടിയിലധികം വരും. ഇത് പുതിയൊരു കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തണം. ജനങ്ങള്‍ മരിക്കുകയും കരയുകയും ചെയ്യുമ്പോള്‍ ഈ സ്വത്ത് കൊണ്ട് പിന്നെ എന്ത് ഉപയോഗമാണുള്ളതെന്നുമാണ് ഉദിത് രാജ് ട്വീറ്റ് ചെയ്തത്. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുളള ലോക് സഭാംഗമാണ് ഉദിത് രാജ്. ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി,എസ്.ടി ഓര്‍ഗനൈസേഷന്റെ ദേശീയ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.