മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍
ബില്‍ പാസാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് പുതുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് പുതുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. റഫാല്‍ വിവാദവും ഇന്ന് ലോക്സഭയിലെത്തും.
ശൈത്യകാല സമ്മേളനത്തില്‍ രണ്ട് ദിനം മാത്രം ബാക്കിയിരിക്കെയാണ് മുത്തലാഖ് ബില്‍ രാജ്യസഭയിലെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമം. പ്രതിപക്ഷ വാക്കൌട്ടിനിടയില്‍ ലോക്സഭയില്‍ പാസാക്കിയെടുത്ത ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. അത് മറികടന്ന് ബില്‍ അവതരിച്ചാലും വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് സര്‍ക്കാരിനുറപ്പുണ്ട്. എന്നാല്‍ സെലക്ട് കമ്മിറ്റിക്ക് വിടാനും സര്‍ക്കാര്‍ തയ്യാറല്ല. ഇതോടെ, മുത്തലാഖ് ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. മെഡിക്കല്‍ കൌണ്‍സില്‍ ബില്‍ ഉള്‍പ്പെടെ മറ്റ് നാല് ബില്ലുകളും ഇന്ന് രാജ്യസഭയുടെ പരിഗണനയിലുണ്ട്. റഫാല്‍ വിവാദം ലോക്സഭയില്‍ ഇന്നും ഉയര്‍ന്നുവരാനിടയുണ്ട്. കഴിഞ്ഞ ദിവസം റഫാല്‍ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ അവകാശവാദം പ്രതിപക്ഷം സഭയില്‍ ചോദ്യം ചെയ്തേക്കും.
എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടിയുടെ നിര്‍മാണ കരാര്‍ നല്‍കിയെന്ന മന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. മന്ത്രിയുടെ അവകാശ വാദത്തിനാധാരമായ രേഖകള്‍ സഭയില്‍ വയ്ക്കണമെന്നും അതിന് കഴിയില്ലെങ്കില്‍ മന്ത്രി രാജി വയ്ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ കരാറുകള്‍ തയ്യാറായി വരികയാണെന്നും തെറ്റിദ്ധാരണ പരത്തുന്ന രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നുമാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്.