മേഘാലയയില്‍ ഖനി മാഫിയ- പൊലീസ്- ഉദ്യോഗസ്ഥ കൂട്ടുകെട്ട്; ജീവച്ഛവമായി മാറിയ ആഗ്‌നസ് പറയുന്നു..  

നവംബര്‍ 8ന് ഖനി മാഫിയയുടെ ആക്രമണത്തിനിരയായി ജീവച്ഛവമായി മാറിയ ആഗ്‌നസ് സംസ്ഥാനത്തെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരിലൊരാളാണ്.

Update: 2019-01-10 06:05 GMT

മേഘാലയയിലെ ഖനി മാഫിയക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കാന്‍ പൊലീസും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരുമൊക്കെ കൂട്ടുനില്‍ക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ആഗ്‌നസ് കാര്‍ഷിംഗ്. നവംബര്‍ 8ന് മാഫിയയുടെ ആക്രമണത്തിനിരയായി ജീവച്ഛവമായി മാറിയ ആഗ്‌നസ് സംസ്ഥാനത്തെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരിലൊരാളാണ്. ആഗ്‌നസിനെ ആക്രമിക്കാന്‍ സഹായകരമായ വിവരങ്ങള്‍ പൊലീസ് തന്നെയാണ് ഖനിയുടമകള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് സൂചനകള്‍.

ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ എലിമട ഖനനം നിരോധിച്ചതിനു ശേഷവും മേഘാലയയില്‍ നിന്നും ആയിരക്കണക്കിന് ട്രക്കുകളിലാണ് കല്‍ക്കരി പുറത്തേക്കൊഴുകുന്നത്. ഇവയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ആഗ്‌നസും ഒപ്പമുണ്ടായിരുന്ന സാമൂഹികപ്രവര്‍ത്തക അമിത സാഗ്മയും ആക്രമിക്കപ്പെട്ടത്. ഈസ്റ്റ് ജയന്തിയ കുന്നുകളില്‍ നിന്നും കല്‍ക്കരി കടത്തുന്ന ട്രക്കുകളിലുള്ളത് 2014ന് മുമ്പ് ഖനനം ചെയ്ത കല്‍ക്കരിയല്ലെന്നും അനുവദിച്ചതിനേക്കാള്‍ മൂന്ന് മടങ്ങ് അധികം ഭാരമാണ് ഈ ട്രക്കുകള്‍ കൊണ്ടുപോകുന്നതെന്നും ആഗ്‌നസ് ചൂണ്ടിക്കാട്ടി.

Advertising
Advertising

പരാതിയെ തുടര്‍ന്ന് ഏതാനും ട്രക്കുകള്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായെങ്കിലും ആഗ്‌നസിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഖനി മാഫിയക്ക് നിമിഷങ്ങള്‍ക്കകം ചോര്‍ന്നു കിട്ടി. അവരുടെ വാഹനത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഈ രണ്ട് വനിതകളെയും മരിക്കുമെന്ന് ഉറപ്പാകും വരെ പിക്കാസു കൊണ്ടും ഇരുമ്പു വടികള്‍ കൊണ്ടും തല്ലിച്ചതക്കുകയായിരുന്നു ഗുണ്ടകള്‍. സംഭവം നടക്കുമ്പോള്‍ തൊട്ടപ്പുറത്ത് പൊലീസ് നോക്കി നില്‍ക്കുന്നുണ്ടായിരുന്നുവെന്നാണ് ആഗ്‌നസ് പറയുന്നത്.

Full View
Tags:    

Similar News