മൂന്ന് മണിക്ക് ഉണരും കൊടും തണുപ്പില്‍ കുളിക്കും, ഹിമാലയജീവിതകാലം ഓര്‍ത്ത് മോദി
‘തീരുമാനങ്ങളില്ലാത്ത, വഴികാട്ടികളില്ലാത്ത, വ്യക്തതകളില്ലാത്ത... കാലമായിരുന്നു അത്. പതിനേഴാം വയസിലാണ് ജീവിതം ദൈവത്തില്‍ സമര്‍പ്പിച്ച് ഹിമാലയ യാത്രക്കൊരുങ്ങുന്നത്...
ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഹിമാലയ ജീവിതകാലത്തെക്കുറിച്ചും സത്യാന്വേഷിയായി അലഞ്ഞതിനെക്കുറിച്ചും മനസ് തുറന്നിരിക്കുന്നത്. വളരുംതോറും കൗതുകം കൂടുതലും വ്യക്തത കുറവുമായിരുന്ന കുട്ടിയായിരുന്നു താനെന്നാണ് മോദി ഓര്‍ക്കുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജുകളിലാണ് മോഡിയുമായുള്ള അഭിമുഖം #TheModiStory എന്ന ടാഗില്‍ പങ്കുവെച്ചിരിക്കുന്നത്.
(2/5)“While growing up, I had a lot of curiosity but very little clarity. I would see army men in their uniforms and...
Posted by Humans of Bombay on Wednesday, January 9, 2019
സൈനികരെ കാണുമ്പോള്‍ അത് മാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള ഏകമാര്‍ഗ്ഗമെന്ന തോന്നലുണ്ടായിരുന്നു. പിന്നീട് റെയില്‍ വേ സ്റ്റേഷനിലെ സന്ന്യാസികളുമായും മറ്റും സംസാരിച്ചപ്പോള്‍ ആത്മീയാന്വേഷണവും ലോകത്തെ അറിയാനും സേവിക്കാനുമുള്ള പ്രധാനമാര്‍ഗ്ഗമാണെന്ന് മനസിലായി. തീരുമാനങ്ങളില്ലാത്ത, വഴികാട്ടികളില്ലാത്ത, വ്യക്തതകളില്ലാത്ത... കാലമായിരുന്നു അത്. പതിനേഴാം വയസിലാണ് ജീവിതം ദൈവത്തില്‍ സമര്‍പ്പിച്ച് ഹിമാലയ യാത്രക്കൊരുങ്ങുന്നത്. മാതാപിതാക്കളോട് യാത്രപറഞ്ഞ് പോകാനൊരുങ്ങിയ എന്റെ നെറ്റിയില്‍ കുറിതൊട്ട് അനുഗ്രഹിച്ചാണ് അമ്മ യാത്രയാക്കിയത്.
ദൈവം എന്നെ കൊണ്ടുപോകാന്‍ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പോയി. തീരുമാനങ്ങളില്ലാത്ത ആ കാലമായിരുന്നു പിന്നീടുള്ള ജീവിതത്തില്‍ പല ഉത്തരങ്ങളും നല്‍കിയത്. ലോകത്തെ അറിയുന്നതിലൂടെ എന്നെത്തന്നെയാണ് അറിഞ്ഞത്. ഹിമാലയത്തില്‍ പലയിടത്തും അലഞ്ഞു. എന്റെ തലക്കു മുകളില്‍ മേല്‍ക്കൂരയുമില്ലായിരുന്നു. പക്ഷേ സ്വന്തം വീട് എന്തെന്ന് അനുഭവിച്ചത് അന്നായിരുന്നു. ബ്രഹ്മമുഹൂര്‍ത്തത്തില്‍ പുലര്‍ച്ചെ മൂന്നിനും 3.45നും ഇടക്ക് എഴുന്നേറ്റു. കൊടും തണുപ്പില്‍ കുളിച്ചു. പക്ഷേ അപ്പോഴും ഊഷ്മളത അനുഭവിച്ചു. സന്ന്യാസിമാര്‍ക്കൊപ്പമുള്ള ജീവിതമാണ് ലോകതാളത്തെക്കുറിച്ചുള്ള അറിവു നല്‍കിയത്.
അന്നത്തെ അനുഭവങ്ങള്‍ ഇന്നും എന്നെ തുണക്കുന്നു. പ്രപഞ്ചത്തിലെ ചെറു കണികയാണ് ഞാനെന്ന തിരിച്ചറിവുണ്ടാകുന്നതോടെ എല്ലാ അരാജകത്വവും അഹന്തയും അകലും. അപ്പോഴായിരിക്കും യഥാര്‍ഥ ജീവിതം ആരംഭിക്കുക. രണ്ട് വര്‍ഷം നീണ്ട ഹിമാലയ വാസത്തിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് ലഭിച്ച വ്യക്തതയാണ് ഇന്നും മുന്നോട്ട് നയിക്കുന്നത്.- എന്നിങ്ങനെയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ മോദിയുടെ വാചകങ്ങളായി കുറിച്ചിരിക്കുന്നത്.