അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി
നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ അലോക് വര്‍മ്മയെ നീക്കുന്നതിനെ എതിര്‍ത്തിരുന്നു. അതോടെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് സിക്രിയുടെ തീരുമാനം നിര്‍ണ്ണായകമായത്.
അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അംഗമായ കമ്മറ്റിയെ സുപ്രീം കോടതിയാണ് നിയോഗിച്ചത്.
77 ദിവസത്തെ നിര്‍ബന്ധിത അവധിക്ക് ശേഷം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഉന്നതാധികാര സമിതി അനുകൂലമായ തീരുമാനമെടുക്കുകയെന്നത് മാത്രമായിരുന്നു അലോക് വര്‍മ്മക്ക് സ്ഥാനത്ത് തുടരാനുള്ള ഏക മാര്‍ഗ്ഗം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയത്.
അതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സി.ബി.ഐ ഡയറക്ടറെ നീക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അംഗമായ സമിതിക്ക് മാത്രമേ അത്തരം തീരുമാനമെടുക്കാനാകൂ എന്നും പറഞ്ഞു. ഇതോടെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതാധികാര സമിതി ചേര്‍ന്നത്.
നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ അലോക് വര്‍മ്മയെ നീക്കുന്നതിനെ എതിര്‍ത്തിരുന്നു. അതോടെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് സിക്രിയുടെ തീരുമാനം നിര്‍ണ്ണായകമായത്. അദ്ദേഹം പ്രധാനമന്ത്രിക്ക് അനുകൂലമായ തീരുമാനമെടുക്കുകയും അലോക് വര്‍മ്മയെ നീക്കം ചെയ്യുന്നതിനോട് യോജിക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.
സെലക്ഷന്‍ കമ്മറ്റി തീരുമാനത്തോടുള്ള പരസ്യമായ വിയോജിപ്പ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗശേഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടേത് ഏകാധിപത്യപരമായ നടപടിയെന്നും അതില്‍ അത്ഭുതമില്ലെന്നുമായിരുന്നു പ്രതികരണം.