സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കലാണ് പൊതുതെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി
യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കലാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത ലോക്സഭയിലും രാജ്യസഭയിലും പ്രവാസികളുടെ പ്രതിനിധികളുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുത നഷ്ടപ്പെട്ട നാലുവര്‍ഷമാണ് ഇന്ത്യക്ക് കഴിഞ്ഞുപോയതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഒരാളുടെ ആശയം നടപ്പാക്കുന്ന ഇന്ത്യയല്ല എല്ലാവരുടെയും ആശയം പ്രതിഫലിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കണം.
മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രവാസികളാണ് ഇന്ത്യയെ ഇന്നത്തെ നിലയിലെത്തിച്ചത്. ലോക്സഭയിലും രാജ്യസഭയിലും പ്രവാസികളുടെ പ്രതിനിധികളുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ചിലരുടെ സ്വപ്നം പോലെ ബി.ജെ.പി മുക്ത ഭാരതം തങ്ങളുടെ ലക്ഷ്യമല്ല. എല്ലാത്തിനുപരി ഇന്ത്യക്കാരന്‍ എന്നതില്‍ അഭിമാനിക്കുന്ന സമൂഹമാണ് ലക്ഷ്യം. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന അടുത്ത നിമിഷം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിക്കുമെന്നും രാഹുല്‍ പറഞ്ഞു. മുപ്പതിനായിരത്തിലേറെ പേരാണ് രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ സ്റ്റേഡിയത്തിലെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ സംസാരിച്ചു.