മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 115 മണ്ഡലങ്ങള്‍ വിധിയെഴുതും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയിലും റായ്ബറേലിയിലും പര്യടനം നടത്തും
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 115 മണ്ഡലങ്ങളിലുമാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയിലും റായ്ബറേലിയിലും പര്യടനം നടത്തും . രാജസ്ഥാനിലും മഹരാഷ്ട്രയിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം. അമേഠിയില്‍ നേരത്തെ മാറ്റിവെച്ച രാഹുലിന്റെ പത്രികയുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.
12 സംസ്ഥാനങ്ങളിലും ദാമന്‍ ദിയു, ദാദ്ര നാഗര്‍ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 115 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. അസ്സമില്‍ 4 സീറ്റുകളിലും കര്‍ണാടകയില്‍ 14 സീറ്റുകളിലും കൂടി നാളെ വോട്ടെടുപ്പ് നടക്കുന്നതോടെ സംസ്ഥാനത്ത് പോളിങ് പൂര്‍ത്തിയാകും. ഗുജറാത്തില്‍ 26 സീറ്റുകളിലും ഒറ്റഘട്ടമായി പോളിങ് പൂര്‍ത്തിയാകും. ഉത്തര്‍പ്രദേശില്‍ 10ഉം, ബംഗാളിലും ബിഹാറിലും അഞ്ചും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പോളിങ് സാമഗ്രികള്‍ ഇന്ന് വൈകിട്ടോടെ പോളിങ് കേന്ദ്രങ്ങളിലെത്തിക്കും. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സ്വന്തം മണ്ഡലമായ അമേഠിയും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. നേരത്തെ നീട്ടിവെച്ച രാഹുലിന്റെ പത്രിക സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ബ്രിട്ടീഷ് പൌരത്വം, പേര് എന്നിവയിലെ ആശയക്കുഴപ്പത്തില്‍ രാഹുല്‍ ഇന്ന് കമ്മിഷന് മറുപടി നല്‍കും. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമബംഗാളിലും. ഡല്‍ഹിയിലെ നാല് സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ ചാന്ദിനി ചൌകില്‍ ജനവിധി തേടും.