ഹോട്ടല്‍ മെനുവില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്, കാപ്പി കുടിക്കാന്‍ കട തേടിയ ദീപീന്ദര്‍ ഗോയല്‍; സൊമാറ്റോയുടെ വിജയകഥ
ഡല്‍ഹിയില്‍ ചെറിയൊരു സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ സൊമാറ്റോ ഇന്ന് ബഹുരാഷ്ട്ര സ്ഥാപനമാണ്. 5000ലേറെ ജീവനക്കാരും മൂന്നര ലക്ഷത്തിലേറെ ഡെലിവറി പാര്‍ട്ണര്‍മാരും ജോലിചെയ്യുന്നു
പങ്കജ് ഛദ്ദ, ദീപീന്ദര്‍ ഗോയല്‍
നന്നായി വിശന്നിരിക്കുന്ന സമയം, അല്ലെങ്കില്‍ വീട്ടില്‍ പെട്ടെന്ന് കുറേ അതിഥികള്‍ വന്ന സമയം, ഭക്ഷണത്തിനായി നിങ്ങള്‍ എന്തു ചെയ്യും? ഉടന്‍ ഫോണ്‍ എടുത്ത് സൊമാറ്റോ തുറന്ന് ഓര്‍ഡര്‍ ചെയ്യും അല്ലേ. ഒരുതരത്തില്‍ പറഞ്ഞാല്‍, വിശക്കുന്ന മനുഷ്യന് ആദ്യം ഓര്‍ക്കാനുള്ള പേരുകളിലൊന്നായി മാറിയിരിക്കുന്നു സൊമാറ്റോ. അതിന് ഗ്രാമമെന്നോ നഗരമെന്നോ ഉള്ള വ്യത്യാസം ഇല്ലാതായിരിക്കുന്നു. ഡല്‍ഹിയില്‍ ചെറിയൊരു സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ സൊമാറ്റോ ഇന്ന് ബഹുരാഷ്ട്ര സ്ഥാപനമാണ്. 5000ലേറെ ജീവനക്കാരും മൂന്നര ലക്ഷത്തിലേറെ ഡെലിവറി പാര്‍ട്ണര്‍മാരും ജോലിചെയ്യുന്നുണ്ട്. ഇന്ത്യയില്‍ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയിലെ അതികായരാണ് ഇന്ന് സൊമാറ്റോ.
ദീപീന്ദര്‍ ഗോയല്‍, പങ്കജ് ഛദ്ദ എന്നീ രണ്ട് ഡല്‍ഹി ഐഐടിക്കാര്‍ ചേര്‍ന്നാണ് 2008ല്‍ സൊമാറ്റോക്ക് തുടക്കമിട്ടത്. ഡല്‍ഹിയിലെ ഹോട്ടലുകളിലും ചായക്കടകളിലും ആളുകള്‍ കാത്തുനില്‍ക്കുന്നത് കണ്ടാണ് ദീപീന്ദര്‍ ഗോയലിന് പുതിയ ആശയം ജനിച്ചത്. ഐടി കമ്പനിയിലെ ഡാറ്റ അനലിസ്റ്റായിരുന്നു അദ്ദേഹം. ജോലിക്കിടെ കാപ്പി കുടിക്കാന്‍ തിരക്കേറിയ കടകളില്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. ആ സമയത്തൊക്കെ, തിരക്കില്ലാതെ കാപ്പി കുടിക്കാന്‍ സാധിക്കുന്ന ഒരു കടയായിരുന്നു ദീപീന്ദറിന്റെ മനസ്സില്‍. ഡല്‍ഹിയിലെ വിവിധ ഹോട്ടലുകളെയും കഫേകളെയും കുറിച്ചും മെനുവിലെ ഐറ്റങ്ങളെ കുറിച്ചും ജനങ്ങള്‍ക്ക് വിവരം നല്‍കിയാല്‍ നല്ലതാകുമെന്ന് അദ്ദേഹം കരുതി. അങ്ങനെയാണ് സൊമാറ്റോയുടെ ആദ്യ രൂപമായ ഫൂഡിബേയുടെ തുടക്കം. വിവിധ ഹോട്ടലുകളിലെ മെനു കാര്‍ഡുകള്‍ ലഭിക്കുന്ന വെബ് പോര്‍ട്ടലായിട്ടായിരുന്നു തുടക്കം. പങ്കജ് ഛദ്ദയെ പങ്കാളിയാക്കി. ഡല്‍ഹിയിലെ മികച്ച റസ്റ്ററന്റുകള്‍, ചായക്കടകള്‍, വ്യത്യസ്തമായ ഭക്ഷണം ലഭിക്കുന്ന ഇടങ്ങള്‍, ഈ വിവരങ്ങളെല്ലാം ഒരുമിച്ച് ലഭ്യമാക്കുകയായിരുന്നു ഇവര്‍ ചെയ്തത്. ഇതിന് വന്‍ പ്രചാരം ലഭിച്ചു. ഡല്‍ഹിയിലെ ഏറ്റവും വലിയ റസ്റ്ററന്റ് ഡയറക്ടറിയായി ഫൂഡീബേ മാറി.
ഒമ്പത് മാസത്തിനുള്ളില്‍ മുംബൈയിലും കൊല്‍ക്കത്തയിലും ഇവര്‍ പ്രവര്‍ത്തനം തുടങ്ങി. 2010ലാണ് സൊമാറ്റോ എന്ന് പേരുമാറുന്നതും ഇന്നത്തെ നിലയില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതും. വളരെ വേഗം സ്വീകാര്യത നേടിയ സൊമാറ്റോ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വളര്‍ന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഹോട്ടലുകളിലെ എല്ലാ മെനുവും പരിശോധിച്ച്, ഓരോ ഐറ്റത്തിന്റെയും വിലയറിഞ്ഞ്, ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്യാം. മുമ്പുണ്ടായിട്ടില്ലാത്ത ഈയൊരു അനുഭവത്തിന് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും എല്ലാവരുടെ കയ്യിലും സ്മാര്‍ട്ട് ഫോണുകള്‍ എത്തിയതും സൊമാറ്റോയുടെ കുതിപ്പിന് പ്രോത്സാഹനമായി.
സ്റ്റാര്‍ട്ടപ്പിന്റെ തുടക്കത്തില്‍ റസ്റ്ററന്റ് ഉടമകളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ദീപീന്ദര്‍ ഗോയല്‍ പറയുന്നു. ഇങ്ങനെയൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ആവശ്യം എന്താണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ സമയമെടുത്തു. പിന്നീട് റസ്റ്ററന്റ് ഉടമകള്‍ തേടിവരുന്ന സാഹചര്യത്തിലേക്ക് മാറി. 2013ല്‍ സൊമാറ്റോ വിദേശ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായി. മറ്റിടങ്ങളിലെ സമാന പ്ലാറ്റ്‌ഫോമുകളെ ഏറ്റെടുത്തുകൊണ്ടായിരുന്നു വ്യാപനം. 2019ല്‍ 24 രാജ്യങ്ങളിലെ 10,000 നഗരങ്ങളില്‍ സൊമാറ്റോയുടെ സേവനമെത്തി. ഇതിനു പിന്നാലെ വമ്പന്‍ കമ്പനികള്‍ സൊമാറ്റോയില്‍ നിക്ഷേപിക്കാനെത്തി. 24 ബില്യണ്‍ ഡോളറാണ് ഇന്ന് വിപണിമൂല്യം.
ഉപഭോക്താക്കളെ സ്ഥിരം വരിക്കാരാക്കുന്ന സൊമാറ്റോ പ്രൊ, ഗോള്‍ഡ് എന്നീ വിഭാഗങ്ങള്‍ അവതരിപ്പിച്ചു. ഒരിക്കലെത്തുന്ന ഉപഭോക്താക്കള്‍ വിട്ടുപോകില്ലെന്ന് ഇതിലൂടെ ഉറപ്പാക്കി. ഫുഡ് ഡെലിവറി മേഖലയില്‍ മത്സരം കൂടിയതോടെ നിരന്തരം നവീകരിച്ചുകൊണ്ടാണ് സൊമാറ്റോ മുന്നേറിയത്. ഓഫറുകളും ഡിസ്‌കൗണ്ടുകളും കൗതുകമേറിയ പ്രമോഷനുകളുമെല്ലാം സൊമാറ്റോയുടെ ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി. സൊമാറ്റോയുടെ പരസ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പുഷ് നോട്ടിഫിക്കേഷനുകളുമെല്ലാം ആളുകളെ ആകര്‍ഷിച്ചു. പലതും വൈറലായി. ഉപഭോക്താക്കളുമായി വൈകാരിക ബന്ധം സ്ഥാപിച്ചാണ് മുന്നോട്ടുപോയത്.
രാജ്യത്തെ 800 നഗരങ്ങളിലായി മൂന്ന് ലക്ഷം റസ്റ്ററന്റുകള്‍ സൊമാറ്റോയുടെ ഭാഗമായുണ്ട്. ഇതുവരെ 300 കോടിയിലേറെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു. 2021ല്‍ ഓഹരിവിപണിയിലും ലിസ്റ്റ് ചെയ്തു സൊമാറ്റോ. 2025 ഫെബ്രുവരിയില്‍ സൊമാറ്റോയുടെ മാതൃകമ്പനി എറ്റേണല്‍ എന്ന് പേരു മാറ്റി. ബ്ലിങ്ക്ഇറ്റ് എന്ന ഇ-കൊമേഴ്‌സ് സ്ഥാപനവും ഡിസ്ട്രിക്ട് എന്ന എന്റര്‍ടെയിന്‍മെന്റ്, ഇവന്റ് ആപ്പും എറ്റേണലിന് കീഴിലുണ്ട്. കമ്പനി എറ്റേണല്‍ എന്ന് പേരു മാറിയെങ്കിലും സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ വിഭാഗം സൊമാറ്റോ എന്ന പേരില്‍ തന്നെ തുടര്‍ന്നു. 'കൂടുതല്‍ പേര്‍ക്ക് നല്ല ഭക്ഷണം' എന്നാണ് അന്നും ഇന്നും സൊമാറ്റോയുടെ മുദ്രാവാക്യം.