തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് കാളയുടെ വിലാപയാത്രയില്‍ പങ്കെടുത്തത് ആയിരങ്ങള്‍

അവസാന യാത്രക്കൊരുങ്ങുന്ന കാളയെക്കാണാന്‍ ഒരുപാട് സമ്മാനങ്ങളും പണവുമെല്ലാമായാണ് ജനങ്ങള്‍ ചടങ്ങിനെത്തിയത്

Update: 2020-04-17 08:37 GMT

കോവിഡ് 19നെത്തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് കാളയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് തമിഴ്നാട്ടില്‍ 1000ല്‍ അധികം ആളുകള്‍ ഒത്തുകൂടി. സംസ്ഥാനത്ത് ഒരുപാട് ആരാധകരുള്ള, ജെല്ലിക്കെട്ട് മത്സരങ്ങളിലെ വിജയിയായിരുന്ന കാളയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

20 വയസായിരുന്നു കാളക്ക്. പ്രായമായതിനെത്തുടര്‍ന്ന് ചത്ത കാളക്ക് അന്ത്യോപചാരം അര്‍പ്പിച്ച് നല്ല രീതിയില്‍ തന്നെ യാത്രയയക്കണമെന്ന് കരുതിയാണ് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ ഇത്രയുമധികം ആളുകള്‍ ഒത്തുകൂടിയത്. കാളക്ക് അവസാനമായി യാത്ര പറയാനാണ് ഇത്രയും ആളുകള്‍ എത്തിയതെന്ന് ഗ്രാമത്തിലെ ജല്ലിക്കെട്ട് പേരവൈ അസോസിയേഷന്‍ പ്രസിഡന്‍റ് പി രാജശേഖരന്‍ പറഞ്ഞു. ലോക്ക് ഡൌണ്‍ അല്ലെങ്കില്‍ ഈ ചടങ്ങിന് ഇനിയും ആളുകള്‍ ഒത്തുകൂടിയെനെയെന്ന് മറ്റൊരാള്‍ പറഞ്ഞു.

അവസാന യാത്രക്കൊരുങ്ങുന്ന കാളയെക്കാണാന്‍ ഒരുപാട് സമ്മാനങ്ങളും പണവുമെല്ലാമായാണ് ജനങ്ങള്‍ ചടങ്ങിനെത്തിയത്. കാള ചത്തതിനെത്തുടര്‍ന്ന് ഗ്രാമത്തിലെ സ്ത്രീകളെല്ലാം കരഞ്ഞുകൊണ്ടാണ് ചടങ്ങുകള്‍ക്കെത്തിയതെന്നും ഗ്രാമത്തില്‍ താമസിക്കുന്ന ഒരാള്‍ പറഞ്ഞു. ആദ്യം 30 - 50 പേര്‍ മാത്രമുണ്ടായിരുന്ന ചടങ്ങിലേക്ക് 1000ല്‍ അധികം ആളുകള്‍ വന്നുചേരുകയായിരുന്നു.

Tags:    

Similar News