'യുവനേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന ധാരണയിൽ, ഗാന്ധി കുടുംബത്തിനുള്ള വ്യക്തിപ്രഭാവം ആർക്കുമില്ല'
ആശയപരമായി പ്രതിബദ്ധതയില്ലാത്ത നേതാക്കളുടെ വ്യക്തിപരമായ അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തിലും അച്ചടക്കത്തിലും വിട്ടുവീഴ്ച ചെയ്യില്ല- അധിർ രഞ്ജൻ ചൗധരി.
അടുത്തെങ്ങും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന് കരുതിയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവനേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ ലോക്സഭയിലെ പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി. അവർക്ക് അമിതാഭിലാഷമാണ്. ഈ കൊഴിഞ്ഞുപോക്ക് താത്കാലികമായി കോൺഗ്രസിനെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നാൽ ആശയപരമായി പ്രതിബദ്ധതയില്ലാത്ത നേതാക്കളുടെ വ്യക്തിപരമായ അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തിലും അച്ചടക്കത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും പാർട്ടി വിട്ടതിന്റെ പശ്ചാത്തലത്തിലാണ് അധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണം. അമിതമായ അഭിലാഷങ്ങളുള്ള യുവനേതാക്കൾ അസ്വസ്ഥരാവുകയാണ്. പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കുന്നില്ലെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് അവര്‍ വ്യക്തിപരമായ താത്പര്യങ്ങൾക്കായി ഒന്നുകില്‍ കപ്പലില്‍ നിന്ന് പുറത്തേക്ക് ചാടുകയോ അല്ലെങ്കില്‍ അതിനായി പരിശ്രമിക്കുകയോ ആണെന്ന് ചൗധരി പറഞ്ഞു.
അര്‍ഹതപ്പെട്ടത് കിട്ടാത്ത കഴിവുള്ള നേതാക്കള്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളിലുണ്ട്. എന്നാല്‍ അധികാരത്തിന്റെ മധുരം നേടാനായി അവര്‍ ആരെങ്കിലും പാര്‍ട്ടി വിട്ടിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പ്രതിബദ്ധതയില്ലായ്മയാണ് പ്രശ്നമെന്നും ചൗധരി ചൂണ്ടിക്കാട്ടി.
ആവര്‍ത്തിച്ചുളള തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കിടയിലും നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് മറ്റൊരാളെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഗാന്ധി കുടുംബത്തിനുള്ള വ്യക്തിപ്രഭാവം മറ്റാര്‍ക്കുമില്ലെന്നായിരുന്നു ചൗധരിയുടെ മറുപടി. അത്തരം വ്യക്തിപ്രഭാവമുളള ഒരാള്‍ ഉണ്ടെങ്കിൽ അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാനാകും. മുന്‍കാലങ്ങളില്‍ നരസിംഹറാവു, സീതാറാം കേസരി എന്നിവര്‍ പാര്‍ട്ടി പ്രസിഡന്റുമാരായിരുന്നുവെന്നും ചൗധരി ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധി മികച്ച നേതൃഗുണമുള്ള വ്യക്തിയാണ്. 2004 - 2014 വരെ തുടര്‍ച്ചയായി രണ്ടു തവണ പാര്‍ട്ടി വിജയിച്ചത് അവരുടെ നേതൃത്വത്തിലാണ്. അവരുടെ രാഷ്ട്രീയ മികവിനെ ആരും ചോദ്യം ചെയ്യേണ്ടതില്ല. രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് അതിന് സാധിക്കും. കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്ന് പറയുന്നത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും അധിർ രഞ്ജൻ ചൗധരി അവകാശപ്പെട്ടു.