കര്‍ഷക പ്രതിഷേധം ശക്തമാകുന്നു; ഡല്‍ഹി-നോയിഡ അതിര്‍ത്തി കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും

രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകൾ അടക്കമുള്ള കർഷക സംഘങ്ങൾ എത്തുന്നത് തുടരുകയാണ്

Update: 2020-12-16 01:25 GMT
Advertising

കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം ശക്തമാകുന്നു. ഡൽഹി - നോയിഡ അതിർത്തിയായ ചില്ല കർഷകർ ഇന്ന് പൂർണമായി ഉപരോധിക്കും. രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകൾ അടക്കമുള്ള കർഷക സംഘങ്ങൾ എത്തുന്നത് തുടരുകയാണ്. എന്നാൽ നിയമം എല്ലാവരും അംഗീകരിച്ചതാണെന്നും യഥാർത്ഥ കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പ്രതികരിച്ചു.

ഡൽഹി അതിർത്തികളിലെ കർഷക പ്രതിഷേധം 21 ആം ദിവസത്തിലേക്ക് കടന്നു. ഓരോ ദിവസം പിന്നിടും തോറും കർഷരുടെ എണ്ണം വർധിക്കുന്നുണ്ട്. ഡൽഹിയിലേക്കുള്ള പാതകൾ ഓരോന്നായി ഉപരോധിക്കുകയാണ്. ഇന്ന് ഡൽഹി - നോയിഡ അതിർത്തിയായ ചില്ല കർഷകർ പൂർണമായി ഉപരോധിക്കും. ഡൽഹി - ആഗ്ര, ഡൽഹി - ജയ്പൂർ പാതകളിലെ ഉപരോധം തുടരുകയാണ്. 3 നിയമങ്ങളും പിൻവലിക്കുമ്പോഴേ സമരം അവസാനിപ്പിക്കൂവെന്ന് കർഷകർ ആവർത്തിക്കുന്നു.

എന്നാൽ നിയമം എല്ലാവരും അംഗീകരിച്ചതാണെന്നും യഥാർത്ഥ കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നു മാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുടെ പ്രതികരണം. നിയമത്തെ പിന്തുണക്കുന്ന കർഷക സംഘടനകളുമായി കേന്ദ്ര മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത് തുടരുകയാണ്. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണ പരിപാടികളും ബി.ജെ.പി ആരംഭിച്ചു. രാജ്യത്ത് ഉടനീളം ബി.ജെ.പി 700 യോഗങ്ങൾ സംഘടിപ്പിക്കും. അതേസമയം കർഷക സമരം സംബന്ധിച്ച് ഇന്ന് പരിഗണനക്ക് വരുന്ന ഒരു കൂട്ടം ഹരജികളിലെ സുപ്രിം കോടതിയുടെ പ്രതികരണം കർഷകർക്കും സർക്കാരിനും നിർണായകമാണ്.

Tags:    

Similar News