ന്യൂഡൽഹി: എല്ലാ സർക്കാർ പരിപാടികളിലും, സ്കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് 'വന്ദേമാതരം' ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്. വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകളാണ് വന്ദേ മാതരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.
ദേശീയ പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ പ്രസംഗങ്ങൾക്കും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനും മുമ്പും ശേഷവും, ഗവർണർമാരുടെ വരവിനും പ്രസംഗങ്ങൾക്കും മുമ്പും ശേഷവും തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള 3 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ഒരു പതിപ്പ് വായിക്കുകയോ ആലപിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിൽ പറയുന്നു.
പത്മ പുരസ്‌കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും, വരുമ്പോഴും പോകുമ്പോഴും വന്ദേമാതരം ആലപിക്കണം. സിനിമാ തിയേറ്ററുകൾ പോലുള്ള പൊതു ഇടങ്ങളിലും ആലപിക്കണം, പക്ഷെ ഈ സാഹചര്യത്തിൽ എഴുന്നേറ്റു നിൽക്കുന്നത് നിർബന്ധമല്ല.
വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും ചൊല്ലണമെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും വിധത്തിൽ വന്ദേ മാതരത്തിനോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവായിരിക്കും ശിക്ഷ.
"ദേശീയ ഗാനത്തിന്റെ ഔദ്യോഗിക പതിപ്പ് ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ എഴുന്നേറ്റു നിൽക്കണം. എന്നിരുന്നാലും, ഒരു ന്യൂസ് റീൽ അല്ലെങ്കിൽ ഡോക്യുമെന്ററിയുടെ ഭാഗമായി ദേശീയ ഗാനം പ്ലേ ചെയ്യുമ്പോൾ, പ്രേക്ഷകർ എഴുന്നേറ്റു നിൽക്കണമെന്ന് പ്രതീക്ഷിക്കുന്നില്ല, കാരണം അത് സിനിമയുടെ പ്രദർശനത്തെ തടസപ്പെടുത്തുകയും ദേശീയ ഗാനത്തിന്റെ അന്തസ്സ് വർദ്ധിപ്പിക്കുന്നതിനുപകരം ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും," സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മന്ത്രാലയങ്ങൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലും നൽകിയ കുറിപ്പിൽ പറയുന്നു.
ഇതുവരെ, വന്ദേമാതരം ആലപിക്കുമ്പോൾ ഔദ്യോഗികമായ ഒരു പ്രോട്ടോക്കോളും ഉണ്ടായിരുന്നില്ല. ജന ഗണ മനയിൽ നിന്ന് വ്യത്യസ്തമായി, ഗാനത്തിന്റെ ഈണം, ദൈർഘ്യം, ആലാപനം എന്നിവയെക്കുറിച്ചുള്ള നിയമങ്ങൾ വ്യക്തമായി ഇതിൽ നിർവചിച്ചിട്ടുണ്ട്. ആറ് ഖണ്ഡങ്ങളുള്ള ഗാനത്തിന്റെ വിപുലീകരിച്ച പതിപ്പ് ഇതുവരെ ഔദ്യോഗിക പരിപാടികളിൽ ആലപിച്ചിട്ടില്ല.
1971ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ നിലവിൽ വന്ദേമാതരത്തിന് പ്രത്യേക സംരക്ഷണം നൽകുന്നില്ല. ഇത് ഭേദഗതി ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണനയിലാണ്.