ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന്‍ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു

20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്.

Update: 2021-04-01 03:44 GMT

ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ ഇറക്കുമതി ബ്രസീൽ നിര്‍ത്തിവെച്ചു. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീൽ സർക്കാർ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്. 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്.

വാക്സീൻ നിർമാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്‍കുന്ന വിശദീകരണം. എന്നാൽ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ചർച്ച ചെയ്ത് ഉടൻ തീർപ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്.

Advertising
Advertising

നിലവില്‍ ഇറാൻ, നേപ്പാൾ, മൗറീഷ്യസ്, പരാഗ്വേ, സിംബാവേ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയില്‍ നിന്ന് കോവാക്സീൻ വാങ്ങിയിട്ടുണ്ട്. വാക്സിന്‍ കയറ്റുമതിക്കായി അനുമതി തേടി ബ്രസീൽ, തായ്‌ലൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുടെ ഭാരത് ബയോടെക് ചര്‍ച്ചനടത്തിയിട്ടുണ്ട്. ഇതിനകം 40ഓളം രാജ്യങ്ങൾ വാക്സീൻ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ഭാരത് ബയോടെക് അറിയിച്ചു. വൈറസിന്‍റെ യുകെ വകഭേദത്തിനെതിരെയും വാക്സീൻ ഫലപ്രദമാണെന്നാണ് ഭാരത് ബയോടെകിന്റെ അവകാശവാദം.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചുമായി ചേർന്നാണ് ഭാരത് ബയോടെക് കോവാക്സീൻ നിര്‍മ്മിച്ചിട്ടുള്ളത്. ക്ലിനിക്കൽ ട്രയൽ രീതിയിൽ അടിയന്തര ഉപയോഗത്തിനായി ജനുവരിയിലാണ് കോവാക്സിന് അനുമതി നൽകിയത്. പിന്നീട് ഈ മാസം ആദ്യം ഇത് ക്ലിനിക്കൽ ട്രയൽ രീതിയിൽനിന്നു മാറ്റിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News