കോവിഡ് മാനദണ്ഡം ലംഘിച്ചു; തമിഴ്‌നാട്ടിൽ ദലിത് വയോധികരെ കാലിൽവീണു മാപ്പുപറയിച്ച് 'പഞ്ചായത്ത് കോടതി'

സംഭവം വിവാദമായതോടെ എട്ടുപേര്‍ക്കെതിരെ പൊലീസ് എസ്‌സി, എസ്ടി വകുപ്പുപ്രകാരം കേസെടുത്തു

Update: 2021-05-16 16:10 GMT
Editor : Shaheer | By : Web Desk

തമിഴ്‌നാട്ടിൽ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നു കാണിച്ച് ദലിത് വയോധികർക്ക് പ്രാകൃതശിക്ഷ നൽകി 'പഞ്ചായത്ത് കോടതി'. സംഗീത പരിപാടി നടത്തിയതിന് മൂന്ന് ദലിത് വയോധികരെക്കൊണ്ട് പഞ്ചായത്ത് അംഗങ്ങളുടെ കാലിൽ വീണു മാപ്പുപറയിച്ചായിരുന്നു ശിക്ഷ. സംഭവം വിവാദമായതോടെ എട്ടുപേര്‍ക്കെതിരെ എസ്‌സി, എസ്ടി വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. തിരുവണ്ണൈനല്ലൂരിനടുത്തുള്ള ഒട്ടാനന്ദൽ പഞ്ചായത്തിലെ ദലിത് കുടുംബങ്ങൾ കഴിഞ്ഞ ദിവസം തങ്ങളുടെ ഗ്രാമദേവതയ്ക്കായി ചെറിയ രീതിയിൽ ആചാരപരമായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ അനുമതി വാങ്ങിയിരുന്നു. എന്നാൽ, പരിപാടിയിൽ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വൻജനക്കൂട്ടം എത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും സംഘാടകരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മാപ്പ് എഴുതിവാങ്ങിച്ച് ഇവരെ പിന്നീട് പൊലീസ് വെറുതെവിട്ടു. എന്നാൽ, തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് പഞ്ചായത്തിന്റെ നോട്ടീസ് ലഭിച്ചത്. മെയ് 14ന് 'പഞ്ചായത്ത് കോടതി'ക്കു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം.

തുടർന്ന് പഞ്ചായത്ത് കോടതിക്കു മുൻപിലെത്തിയപ്പോഴാണ് തിരുമാൾ, ശാന്തനം, അറുമുഖൻ എന്നീ വയോധികരോട് പഞ്ചായത്ത് അംഗങ്ങളുടെ കാലിൽ വീണു മാപ്പുപറയാൻ ആവശ്യപ്പെട്ടത്. മൂന്നുപേരും നിർദേശം അനുസരിച്ച് കാലിൽ വീണു മാപ്പുപറയുകയും ചെയ്തു.

ആരാണ് ശിക്ഷാനടപടിക്കു പിന്നിലുള്ളതെന്ന് അന്വേഷിക്കാൻ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് എസ് രാധാകൃഷ്ണൻ പറഞ്ഞു. ഇവർക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും രാധാകൃഷ്ണൻ അറിയിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News