കോവിഡിൽ വിറങ്ങലിച്ച് രാജ്യം; സ്വകാര്യ വിമാനങ്ങളിൽ വിദേശത്തേക്ക് പറന്ന് അതിസമ്പന്നർ

ദുബൈ, ലണ്ടന്‍, ബാങ്കോക്ക് എന്നിവിടങ്ങളാണ് അതിസമ്പന്നരുടെ ഇഷ്ട കേന്ദ്രങ്ങള്‍

Update: 2021-04-27 06:57 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: രാജ്യം കോവിഡ് പ്രതിസന്ധിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ അതിസമ്പന്നർ രക്ഷ തേടി വിദേശത്തേക്ക്. സ്വകാര്യ ജെറ്റ് വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലുമാണ് അതിസമ്പന്നർ കുടുംബസമേതം നാടുവിടുന്നത്. യൂറോപ്പിലേക്കും മധ്യേഷ്യൻ രാഷ്ട്രങ്ങളിലേക്കുമാണ് ഇവരുടെ യാത്രയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

അതിസമ്പന്നർ മാത്രമല്ല, സമ്പന്നരും ചാർട്ടേഡ് വിമാനങ്ങളിൽ വിദേശത്തേക്ക് പോകുന്നതായി ന്യൂഡൽഹി ആസ്ഥാനമായ പ്രൈവറ്റ് ജെറ്റ് കമ്പനി ക്ലബ് വൺ എയർ സിഇഒ രാജൻ മെഹ്‌റ പറയുന്നു. നിയന്ത്രണങ്ങൾ വരുന്നതിന് മുമ്പ് ലണ്ടൻ, ദുബൈ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതൽ ബുക്കിങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

യാത്രാ നിയന്ത്രണം വരുന്നതിന് മുമ്പ് ന്യൂഡൽഹിയിൽ നിന്ന് ദുബൈയിലേക്ക് അമ്പതിനായിരം രൂപയാണ് ഈടാക്കിയിരുന്നത്. സാധാരണ ചാർജിനേക്കാൾ അഞ്ചു മടങ്ങ് കൂടുതലാണിത്. മുംബൈ-ദുബൈ യാത്രയ്ക്ക് ഈടാക്കിയിരുന്നത് 80,000 രൂപ. സാധാരണ ചാർജിനേക്കൾ പത്തു മടങ്ങ് കൂടുതൽ. ഞായറാഴ്ച മുതൽ റൂട്ടിൽ യാത്രാ നിയന്ത്രണം പ്രാബല്യത്തിലായിട്ടുണ്ട്. 12 ചാർട്ടേഡ് വിമാനങ്ങളാണ് തിങ്കളാഴ്ച ദുബൈയിലേക്ക് പോയതെന്ന് എയർ ചാർട്ടർ സർവീസ് ഇന്ത്യ വക്താവ് വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.

മുംബൈയിൽ നിന്ന് ദുബൈയിലേക്ക് 13 സീറ്റുള്ള ജെറ്റ് വിമാനം ചാർട്ട് ചെയ്യാൻ 38000 ഡോളറാണ് (28 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ചെലവ്. ആറ് സീറ്റുള്ള ജെറ്റിന് ചെലവ് 31,000 ഡോളറാണ്. ഷെയർ ചെയ്താണ് ആളുകൾ സ്വകാര്യ ജെറ്റിൽ സീറ്റ് ബുക്കു ചെയ്യുന്നത്. കൂടുതൽ ബുക്കിങ് ദുബൈയിലേക്കാണ്. തായ്‌ലാൻഡിലേക്കും ബുക്കിങ്ങുണ്ട്- അദ്ദേഹം വെളിപ്പെടുത്തി.

ലണ്ടൻ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അടിയന്തര യാത്രയ്ക്കുള്ള ബുക്കിങ് വർധിച്ചതായി ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഇന്ത്യ സഹസ്ഥാപകൻ നിശാന്ത് പിറ്റി പറയുന്നു. മുംബൈ-ഡൽഹി യാത്രയ്ക്ക് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ചെലവ്. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയാണിത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News