എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി: പഞ്ചാബ് കോണ്‍ഗ്രസില്‍ പടലപ്പിണക്കം

ചിലര്‍ രാഷ്ട്രീയ നിറം നല്‍കുന്നു. നാണക്കേടാണിതെന്ന് അമരീന്ദര്‍ സിങ്

Update: 2021-06-20 07:52 GMT

കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. തീരുമാനം പിന്‍വലിക്കണമെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറും രണ്ട് എംഎല്‍എമാരും രംഗത്തെത്തി.

എംഎല്‍എമാരായ അര്‍ജുന്‍ പ്രതാപ് സിങ് ബാജ്‌വയുടെയും ഭിഷം പാണ്ഡേയുടെയും മക്കളെ പൊലീസ് ഇന്‍സ്‌പെക്ടര്‍, നായിബ് തഹസില്‍ദാര്‍ എന്നീ തസ്തികകളിലേക്ക് നിയമിക്കാനുള്ള തീരുമാനമാണ് വിവാദമായത്. ഇരുവരുടെയും മുത്തച്ഛന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ജോലി നല്‍കിയത്. തീരുമാനത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉറച്ചുനില്‍ക്കുകയാണ്. കുടുംബങ്ങള്‍ ചെയ്ത ത്യാഗത്തിനുള്ള പ്രതിഫലമെന്ന നിലയിലാണ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കി.

Advertising
Advertising

"സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അവരുടെ കുടുംബം ചെയ്ത ത്യാഗത്തിനുള്ള ചെറിയ രീതിയിലുള്ള നന്ദിയും നഷ്ടപരിഹാരവുമാണിത്. ചിലര്‍ ഇതിന് രാഷ്ട്രീയ നിറം നല്‍കുന്നു. നാണക്കേടാണിത്" അമരീന്ദര്‍ പറഞ്ഞെന്ന് മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ ട്വീറ്റ് ചെയ്തു.

അതേസമയം പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പറയുന്നത് നിഷ്പക്ഷവും ധാര്‍മികവുമല്ല ഈ തീരുമാനമെന്നാണ്. കുല്‍ജിത് നാഗ്രയും അമരീന്ദര്‍ സിങ് രാജയുമാണ് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍. സ്വന്തം കസേര ഉറപ്പിക്കാന്‍ അമരീന്ദര്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുകയാണെന്ന് ശിരോമണി അകാലിദള്‍ ആരോപിച്ചു. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News