തെരഞ്ഞെടുപ്പിന് പിന്നാലെ അസമില്‍ ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ട് ബിജെപി

126 അംഗ സഭയിലേക്ക് ബിജെപി എട്ട് മുസ്‍ലിം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്

Update: 2021-05-06 04:39 GMT

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിച്ച എല്ലാ മുസ്‍ലിം സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതോടെ സംസ്ഥാനത്തെ ന്യൂനപക്ഷ മോര്‍ച്ച യൂണിറ്റുകള്‍ പിരിച്ചുവിട്ടു. ന്യൂനപക്ഷ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി, മുസ്‍ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത്.

126 അംഗ സഭയിലേക്ക് ബിജെപി എട്ട് മുസ്‍ലിം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. പല ബൂത്തുകളിലും ഈ സ്​ഥാനാർഥികൾക്ക്​ 20 വോട്ട് പോലും ലഭിച്ചില്ല. അതായത് ബൂത്ത് കമ്മറ്റി അംഗങ്ങളുടെ എണ്ണത്തേക്കാളും കുറച്ച് വോട്ടുകളാണ് കിട്ടിയത്. ഇതോടെയാണ്​ ന്യൂനപക്ഷ മോർച്ചയുടെ സംസ്​ഥാന, ജില്ലാ, മണ്​ഡല കമ്മിറ്റികള്‍ പിരിച്ചുവിടു​ന്നുവെന്ന് ബിജെപി പ്രഖ്യാപിച്ചത്. അസമിലെ ബിജെപി അധ്യക്ഷൻ രഞ്​ജിത്​ ദാസ്​ ആണ് ഇക്കാര്യം അറിയിച്ചത്​.

Advertising
Advertising

ന്യൂനപക്ഷ മോർച്ച പിരിച്ചുവിട്ടതിന്‍റെ​ യഥാർഥ കാരണം അറിയില്ലെന്ന് അധ്യക്ഷൻ മുഖ്​താർ ഹുസൈൻ ഖാൻ പറഞ്ഞു. പ്രതീക്ഷിച്ചത്ര വോട്ടുകള്‍ ബിജെപിക്ക് ന്യൂനപക്ഷ സമുദായത്തില്‍ നിന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സരിച്ച് തോറ്റവരില്‍ നിലവിലെ ഡപ്യൂട്ടി സ്പീക്കര്‍ അമിനുല്‍ ഹഖുമുണ്ട്. ബംഗാളി വംശജരായ മുസ്​ലിംകൾ കൂടുതലുള്ള പടിഞ്ഞാറൻ അസമിൽ പലയിടത്തും ബിജെപിയുടെ വോട്ടുശതമാനം 10ല്‍ താഴെയാണ്. ജലേശ്വറിൽ 9.38ഉം ബാഗ്​ബറിൽ രണ്ടും ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

അസമില്‍ ബിജെപി സഖ്യം 75 സീറ്റില്‍ ജയിച്ചാണ് അധികാരം നിലനിർത്തിയത്​. കോൺഗ്രസ്​ സഖ്യം 50 സീറ്റില്‍ ജയിച്ചു. ബാക്കിയുള്ള ഒരു സീറ്റില്‍ പൌത്വ ഭേദഗതി വിരുദ്ധ സമരത്തിനിടെ ജയിലില്‍ അടയ്ക്കപ്പെട്ട ആക്റ്റിവിസ്റ്റ് അഖിൽ ഗൊഗോയ്​ തടവറയിലിരുന്ന് മത്സരിച്ച് വിജയിച്ചു. ഒരു ദിവസം പോലും പ്രചാരണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസ്​ സഖ്യത്തില്‍ ജയിച്ച 31 സ്ഥാനാര്‍ഥികള്‍ മുസ്​ലിംകളാണ്​.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News