അഹമ്മദാബാദ്: രാജ്യം പത്മശ്രീ നൽകി ആദരിച്ചവരിൽ ഗുജറാത്തിൽ എസ്ഐആറിലൂടെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടാൻ ബിജെപി നേതാവ് ശ്രമിച്ച കലാകാരനും. ഇതിഹാസ ധോലക് കലാകാരൻ ഹാജി രാംകാഡു എന്നറിയപ്പെടുന്ന മിർ ഹാജിഭായ് കസംഭായിയുടെ പേര് വെട്ടാനാവശ്യപ്പെട്ടാണ് പ്രാദേശിക ബിജെപി കോർപറേറ്റർ അപേക്ഷ സമർപ്പിച്ചത്. എന്നാൽ, കലാമേഖലയിലെ ആജീവനാന്ത സംഭാവന പരിഗണിച്ച് മിർ ഹാജിഭായ്‌യെ തേടി പത്മശ്രീ എത്തുകയായിരുന്നു.
ഹാജിഭായ് കസംഭായിയുടെയും കുടുംബത്തിന്റേയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ജുനഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ (ജെയുഎംസി) ബിജെപി കോർപറേറ്റർ സഞ്ജയ് ജംനദാസ് മൻവാരയാണ് ഫോം-7 സമർപ്പിച്ചത്. ഈ മാസം 13നായിരുന്നു ബിജെപി നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ, പത്മശ്രീ നേട്ടം ബിജെപി നേതാവിന്റെ നീക്കത്തിനുള്ള മധുരപ്രതികാരം കൂടിയായി.
സംസ്ഥാനത്ത് എസ്ഐആർ നടന്നുവരുന്നതിനിടെയാണ് ബിജെപി നേതാവിന്റെ നീക്കം. 'ഹാജരില്ല / സ്ഥലംമാറിയ വ്യക്തി'- എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 74കാരനായ മിർ ഹാജിബായ് കസംഭായി ഹാജി രമക്ഡു, ഹാജി റാത്തോഡ് എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഇവർ നിലവിൽ താമസിക്കുന്നത് മേൽപറഞ്ഞ വിലാസത്തിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കാൻ മൻവാര അപേക്ഷ നൽകിയത്. സംഭവത്തിൽ ബിജെപി നേതാവിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്.
ബിജെപി നേതാവിന്റെ ആരോപണം ഹാജിഭായ് തള്ളി. 'എന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ശ്രമിച്ചു. ഞാനതിൽ അസ്വസ്ഥനാണ്. എനിക്കിപ്പോൾ രാജ്യത്തിന്റെ പുരസ്കാരം ലഭിച്ചു. മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിൽ കഴിഞ്ഞ 60 വർഷമായി താമസിച്ചുവരുന്നയാളാണ് ഞാൻ. സംസ്ഥാന- കേന്ദ്ര സർക്കാരുകൾ എന്നെ ആദരിച്ചിട്ടുണ്ട്. എന്റെ പേരിനെതിരെ എതിർപ്പ് ഉന്നയിക്കാൻ മാത്രം എന്താണ് പ്രശ്നമുള്ളത്?'- അദ്ദേഹം ചോദിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ഹാജിഭായ് ആവശ്യപ്പെട്ടു.
അതേസമയം, തന്റെ നീക്കത്തെ ന്യായീകരിച്ച് ബിജെപി കോർപറേറ്റർ രംഗത്തെത്തി. ഇതൊരിക്കലും വ്യക്തിപരമായ ആക്രമണല്ലെന്ന് മൻവാര അവകാശപ്പെട്ടു. 'ഹാജിഭായ് രാജ്യത്തിന്റെ അഭിമാനമാണ്. ഹാജിഭായ് കസംഭായ് എന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പേര് എന്നിരിക്കെ റാത്തോഡ് എന്ന പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് ഞാൻ എതിർപ്പറിയിച്ചത്. ആശയക്കുഴപ്പം ഒഴിവാക്കാനും ഇരട്ട ഐഡി കാർഡ് ലഭിക്കാതിരിക്കാനുമാണ് ഞാൻ അത്തരമൊരു അപേക്ഷ നൽകിയത്'- മൻവാര വിശദീകരിച്ചു. ഹാജി ഭായ് തനിക്ക് കുടുംബാംഗത്തെ പോലെയാണെന്നും ഇയാൾ അവകാശപ്പെട്ടു.
കസംഭായിയുടെ പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ട ബിജെപി നേതാവിനെതിരെ നിയമനടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ലളിത് പൻസാര ആവശ്യപ്പെട്ടു. "ഒരു വശത്ത്, സർക്കാർ ഒരാളെ പത്മശ്രീ നൽകി ആദരിക്കുന്നു, മറുവശത്ത്, അവരുടെ സ്വന്തം കോർപ്പറേറ്റർ വോട്ടർ പട്ടികയിൽ നിന്ന് അയാളുടെ പേര് വെട്ടിക്കളയാൻ ശ്രമിക്കുന്നു- മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഹാജി രമക്ഡുവിനെപ്പോലുള്ള ഒരു വ്യക്തിയെ ഇത്തരത്തിൽ അധിക്ഷേപിക്കുമ്പോൾ, സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജുനഗഢിലെ അറിയപ്പെടുന്ന ധോലക് കലാകാരനാണ് ഹാജിഭായ്. രാജ്യത്തിനകത്തും പുറത്തുമായി 3000ലേറെ പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ പരിശോധിക്കുമ്പോൾ വിഷയം രമ്യമായി പരിഹരിക്കപ്പെടുമോ അതോ അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടുമോ എന്നാണ് കണ്ടറിയേണ്ടത്.