വലിയ തുക ഒടുക്കേണ്ടി വരില്ല; രാജ്യത്ത് ഏറ്റവും വിലക്കുറവുള്ള വാക്‌സിനായി കോർബെവാക്‌സ്

ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ള വാക്‌സിന്റെ 30 കോടി ഡോസ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം ബുക്കു ചെയ്തിരുന്നു

Update: 2021-06-05 16:18 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വാക്‌സിനായിരിക്കുമെന്ന് റിപ്പോർട്ട്. രണ്ടു ഡോസിനും കൂടി 400 രൂപയാകും ചെലവ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

സിറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് ഡോസ് ഒന്നിന് 300-400 രൂപയാണ് വില. സ്വകാര്യ ആശുപത്രികളില്‍ 600 രൂപ മുതലാണ് ഒരു ഡോസിന് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്‌സിന് 400 രൂപയും റഷ്യൻവാക്‌സിനായ സ്പുട്‌നികിന് 995 രൂപയുമാണ് ഒരു ഡോസിന്റെ ചെലവ്. ജിഎസ്ടി അടക്കം രണ്ടായിരം രൂപയാണ് രണ്ടു ഡോസ് സ്പുട്നിക് വാക്സിന്‍റെ ചെലവ്. 

ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ള വാക്‌സിന്റെ 30 കോടി ഡോസ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം ബുക്കു ചെയ്തിരുന്നു. ഇതിനായി 1500 കോടി രൂപയാണ് സർക്കാർ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് നൽകിയിട്ടുള്ളത്. നൂറു കോടിയുടെ തിരിച്ചടവില്ലാത്ത വായ്പയും നൽകിയിരുന്നു.

ഒന്നും രണ്ടും ഘട്ട ചികിൽസാ പരീക്ഷണങ്ങളിൽ മികച്ച ഫലങ്ങൾ കാണിച്ചതിന് ശേഷം ബയോളജിക്കൽ-ഇയുടെ കോവിഡ് വാക്സിൻ നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വാക്സിൻ ഒരു ആർബിഡി പ്രോട്ടീൻ ഉപഘടക വാക്‌സിനാണ്. കോവിഡ് വാക്സിൻ സംംബന്ധിച്ച ദേശീയ വിദഗ്ധ സമിതി (എൻഇജിവിഎസി) മതിയായ പരിശോധനകൾക്കു ശേഷമാണ് ബയോളജിക്കൽ-ഇയുടെ നിർദ്ദേശം അംഗീകാരത്തിനായി കേന്ദ്ര ഗവൺമെന്റിനു ശുപാർശ ചെയ്യുകയും ചെയ്തത്.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ബയോളജിക്കൽ ഇയുടേത്. ഭാരത് ബയോടെകിന്റെ കൊവാക്സിനാണ് ആദ്യത്തേത്. ആഗസ്റ്റ്-ഡിസംബർ മാസങ്ങൾക്കുള്ളിൽ ഡോസുകൾ ലഭ്യമാകും എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. കേന്ദ്രത്തിന്റെ ജൈവസാങ്കേതിക വിദ്യാവകുപ്പ് ബയോളജിക്കൽ ഇയുമായി പരീക്ഷണങ്ങളിൽ സഹകരിക്കുന്നുണ്ട്. ജോൺസൺ ആന്റ് ജോൺസണിന്റെ വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനും കമ്പനി കരാറിൽ എത്തിയിട്ടുണ്ട്. വർഷം 60 കോടി ഡോസാകും ഉത്പാദിപ്പിക്കുക.

കേന്ദ്രസർക്കാറിന്റെ വാക്സിനേഷൻ നയത്തിനെതിരെ രാജ്യവ്യാപകമായി വിമർശം ഉയരുന്നതിനിടെയാണ് കൂടുതൽ ഡോസുകൾക്ക് സർക്കാർ മുൻകൂർ പണം നൽകുന്നത്. കഴിഞ്ഞ ദിവസം സുപ്രിംകോടതിയും വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. തങ്ങൾ മൂകസാക്ഷിയായിരിക്കില്ല എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News