ആശുപത്രികൾ നിറയുന്നു, യുപിയിൽ ആവശ്യത്തിന് ബെഡില്ല; സുപ്രിംകോടതിയില്‍ യോഗിയെ തള്ളി കേന്ദ്രം

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്

Update: 2021-04-28 11:43 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പോസിറ്റീവ് കേസുകൾ വർധിച്ചു വരികയാണ് എന്നും എല്ലാവർക്കും ബെഡുകൾ ഉറപ്പാക്കാൻ ആകാത്ത സാഹചര്യമാണ് ഉള്ളതെന്നും കേന്ദ്രസർക്കാർ. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

'മഥുര ജയിലിൽ മാത്രം അമ്പത് കോവിഡ് രോഗികളാണ് ഉള്ളത്. മഥുര ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. മഥുരയിൽ തന്നെ ആശുപത്രി ബെഡുകൾ കിട്ടാത്ത നിരവധി കോവിഡ് രോഗികൾ പുറത്തുണ്ട്. കോവിഡിൽ വലിയ വർധനയാണ് നിലയിൽ യുപിയിലുള്ളത്' - ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് മുമ്പാകെ തുഷാർ മേത്ത പറഞ്ഞു. സിദ്ദീഖ് കാപ്പന് ചികിത്സയാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയെ എതിർത്ത് സംസാരിക്കുകയായിരുന്നു സോളിസിറ്റർ ജനറൽ. 

Advertising
Advertising

ഡൽഹിയിലും സമാനമായ സ്ഥിതിയാണ് ഉള്ളതെന്ന് തുഷാർ മേത്ത പറഞ്ഞു. 'ഡൽഹിയിലും പോസിറ്റീവ് കേസുകൾക്ക് ബെഡ് ലഭിക്കുന്നില്ല. കോവിഡിൽ പൊരുതുന്ന ഒരുപാട് മുഖ്യധാരാ മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അറിയാം. ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടും ഒരു ബെഡ് ലഭിക്കുന്നില്ല' - എന്നാണ് സോളിസിറ്റർ ജനറൽ പറഞ്ഞത്.

കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ അവകാശവാദത്തെ തള്ളുന്ന നിലപാടാണ് കേന്ദ്രം കോടതിയിൽ സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയം. യുപിയിൽ ബെഡുകളുടെയോ ഓക്‌സിജന്റെയോ കുറവില്ല എന്നാണ് യോഗി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്. 

'കഴിഞ്ഞ മൂന്ന് ദിവസമായി, സംസ്ഥാനത്തെ പോസിറ്റീവ് കേസുകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ബെഡുകൾ, ഓക്‌സിജൻ, മറ്റു ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ ക്ഷാമം യുപിയിലില്ല. നാലു വർഷത്തിനിടെ ഞങ്ങൾ 32 ഓക്‌സിജൻ പ്ലാന്റാണ് സ്ഥാപിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കുമായി 72 ഓക്‌സിജൻ ടാങ്കറുകളാണ് ഓക്‌സിജൻ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്' - എന്നായിരുന്നു യോഗിയുടെ പ്രസ്താവന.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News