കോവിഡ് ചികിത്സയ്ക്ക് ട്രംപിന് നൽകിയ ആന്‍റിബോഡി ഇന്ത്യയിൽ; ആദ്യം സ്വീകരിച്ചത് ഹരിയാന സ്വദേശി

ഡോസിന് 59,750 രൂപയാണ് ആന്റിബോഡി കോക്ടെയില്‍ മിശ്രിതത്തിന് ഈടാക്കുന്നത്

Update: 2021-05-26 13:02 GMT
Editor : Shaheer
Advertising

യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന ആന്റിബോഡി മിശ്രിതം ഇന്ത്യയിൽ ആദ്യമായി ലഭിച്ചത് ഹരിയാന സ്വദേശിക്ക്. 84 വയസുകാരനായ മൊഹബ്ബത് സിങ്ങിനാണ് ആന്റിബോഡി കോക്ടെയിൽ നൽകിയത്. കഴിഞ്ഞ ദിവസമാണ് ആന്റിബോഡി മിശ്രിതം ഇന്ത്യൻ വിപണിയിലെത്തിയതായി മരുന്നു നിർമാതാക്കളായ സ്വിസ് കമ്പനി റോച്ചെ അറിയിച്ചത്.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ അഞ്ചുദിവസമായി കോവിഡ് ചികിത്സയിലാണ് മൊഹബ്ബത് സിങ്. ഇതിനിടയിലാണ് ട്രംപിനു നൽകി വിജയം കണ്ട ആന്റിബോഡി ഇന്ത്യയിലെത്തിയ വിവരം അറിയുന്നത്. ഒരു ഡോസിസ് 59,750 രൂപയാണ് ആന്റിബോഡിക്ക് ഈടാക്കുന്നത്.

കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ ആന്റി ബോഡികളുടെ മിശ്രിതമാണ് കോക്ടെയിൽ. റെംഡെസിവിർ, ടോസിലിസുമാബ് തുടങ്ങിയ ഇന്ത്യയിലടക്കം കാര്യമായി ഉപയോഗിക്കുന്ന മരുന്നുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇതെന്നാണ് മരുന്നു നിർമാതാക്കൾ അവകാശപ്പെടുന്നത്. ഈ മരുന്ന് സ്വീകരിച്ചവരിൽ 80 ശതമാനം പേർക്കും ആശുപത്രി ചികിത്സ ആവശ്യമായി വരുന്നില്ലെന്നും മരണനിരക്ക് കുറവാണെന്നും മേദാന്ത ആശുപത്രി ഡയരക്ടർ ഡോ. നരേഷ് ട്രെഹാൻ പറഞ്ഞു. രോഗലക്ഷണങ്ങളുടെ ദൈർഘ്യം കുറയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ട്രംപിന് കോവിഡ് ബാധിച്ചപ്പോൾ ഈ മരുന്ന് പ്രയോഗിച്ചത്. മരുന്ന് നൽകി ഒരാഴ്ച കൊണ്ട് എല്ലാം ഭേദപ്പെട്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിരുന്നു. ഒറ്റ ഡോസ് ഉപയോഗിച്ചാൽ മതിയെന്നാണ് മരുന്ന് നിർമാതാക്കൾ അവകാശപ്പെടുന്നത്. സാധാരണ കോവിഡ് രോഗികളിൽ ആന്റിബോഡി പ്രവർത്തിച്ചുതുടങ്ങണണെങ്കിൽ രണ്ട് ആഴ്ചയോളമെടുക്കും. എന്നാൽ, ഈ മരുന്ന് പെട്ടെന്ന് തന്നെ ശരീരത്തിൽ പ്രവർത്തിച്ചുതുടങ്ങുമെന്നും പറയുന്നു.

Tags:    

Editor - Shaheer

contributor

Similar News