സുപ്രീംകോടതിയുടെ 48ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ സ്ഥാനമേറ്റു

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

Update: 2021-04-24 07:19 GMT

ജസ്റ്റിസ് എന്‍.വി രമണ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ 48ാമത് ചീഫ് ജസ്റ്റിസ് ആണ് എൻ.വി രമണ. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്.  

1983ലാണ് എന്‍.വി രമണ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. പിന്നീട് ആന്ധ്ര സർക്കാറിന്‍റെ അഡീഷനൽ അഡ്വക്കറ്റ് ജനറലായി. സുപ്രീംകോടതിയിലെ സീനിയോരിറ്റിയിൽ രണ്ടാമനായ അദ്ദേഹം 2014 ഫെബ്രുവരി ഏഴിനാണ് സുപ്രീംകോടതി ജഡ്ജിയായത്. 

Advertising
Advertising

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ സർവീസിൽ നിന്ന് വിരമിച്ചത് വെള്ളിയാഴ്ചയാണ്. ജുഡീഷ്യറിയിലെ അഴിമതി ആരോപണത്തിൽ ക്ലീൻ ചിറ്റ് നൽകിയാണ് എസ്.എ. ബോബ്ഡെ ജസ്റ്റിസ് എൻ.വി. രമണയെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നാമനിർദേശം ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പരാതി ആഭ്യന്തര അന്വേഷണം നടത്തി ചീഫ് ജസ്റ്റിസായിരുന്ന എസ്.എ. ബോബ്ഡെ തള്ളുകയായിരുന്നു.

ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങളുള്‍പ്പെടെ പ്രതികളായി അമരാവതി ഭൂമി കുംഭകോണ കേസിൽ ആന്ധ്ര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജഗൻ മോഹൻ റെഡ്ഡി ജസ്റ്റിസ് രമണയ്ക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി അയച്ചത്. 

തെലുഗുദേശം പാർട്ടിയുടെ ഭരണകാലത്ത് നടത്തിയ അഴിമതി അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് തടഞ്ഞതടക്കം നിരവധി പരാതികള്‍ റെഡ്ഡി ഉന്നയിച്ചിരുന്നു. തെലുഗുദേശം പാർട്ടിക്ക് അനുകൂലമായി നിരവധി കേസുകളില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നിൽ ജസ്റ്റിസ് രമണയാണെന്നും ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News